ജോജുവിന്റെ ജീവിതം തന്നെ ഒരു കഥയാണ്, വല്ലാത്തൊരു അഭിനേതാവാണ്; കാര്‍ത്തിക് സുബ്ബരാജ്

ജഗമേ തന്തിരത്തിലെ കഥാപാത്രത്തിന് വേണ്ടി ജോജുവിനെ കണ്ടെത്തിയതിനെക്കുറിച്ച് സംവിധായകൻ കാർത്തിക്ക് സുബ്ബരാജ്. ജോസഫിലെയും ചോലയിലെയും ജോജുവിന്റെ അഭിനയം തന്നെ ആകർഷിച്ചുവെന്ന് കാർത്തിക് സുബ്ബരാജ് പറയുന്നു

‘ആ കഥാപാത്രത്തിന് വേണ്ടി ഞങ്ങൾ ഒരുപാട് ആളുകളെ ആലോചിച്ചിരുന്നു. പലരോടും സംസാരിക്കുകയും ചെയ്തു. പിന്നീടാണ് ജോജുവിന്റെ ചോല എന്ന സിനിമ കാണുന്നത്. പിന്നീട് ജോസഫ് എന്ന ചിത്രവും കണ്ടു. ഈ രണ്ടു സിനിമകളിലെയും പ്രകടനം മികച്ചത് എന്ന് പറഞ്ഞാൽ പോരാ.. അത്രയും മികച്ചതായിരുന്നു. പ്രത്യേകിച്ച് ജോസഫിലെ ആ ഗെറ്റപ്പും, കുറച്ചു പ്രായമായ റിട്ടയേർഡ് പോലീസ് ഓഫീസറായുള്ള അഭിനയ രീതിയുമൊക്കെ എന്നെ ഒരുപാട് ആകർഷിച്ചു. അങ്ങനെയാണ് ഞങ്ങൾ ജോജുവിലേക്ക് എത്തുന്നത്.

‘അദ്ദേഹത്തിന്റെ ജീവിതം തന്നെ വലിയൊരു കഥയാണ്. വിജയ് സേതുപതിയെ പോലെ ഒരുപാട് കഷ്ട്ടപ്പെട്ട്, വർഷങ്ങളോളം ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്ത ശേഷമാണ് അദ്ദേഹം മുൻ നിരയിലേക്ക് എത്തുന്നത്. വല്ലാത്തൊരു അഭിനേതാവാണ്. ഈ സിനിമയിലെ അദ്ദേഹത്തിന്റെ പ്രകടനവും അതിഗംഭീരമാണ്. ഞങ്ങളെയൊക്കെ ഞെട്ടിച്ചു കളഞ്ഞു അദ്ദേഹം. ചിത്രം റിലീസ് ചെയ്താൽ നിങ്ങളും അത്ഭുതപ്പെടും. എല്ലാത്തിലും ഉപരി വളരെ നല്ല ഒരു മനുഷ്യനാണ്. സൂപ്പർ കൂൾ ആയിട്ടുള്ള സ്വഭാവത്തിന് ഉടമയുമാണ്. അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു’-കാർത്തിക് സുബ്ബരാജ് പറഞ്ഞു.

ഗ്യാങ്സ്റ്റർ കഥ പറയുന്ന ജഗമേ തന്തിരത്തിൽ ധനുഷാണ് കേന്ദ്രകഥാപാത്രം. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നു നിർമ്മിച്ചിരിക്കുന്ന ജഗമേ തന്തിരത്തിൽ ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുന്നുണ്ട്. സന്തോഷ് നാരായണൻ സംഗീതവും ശ്രേയസ് കൃഷ്ണ ഛായാഗ്രാഹണവും നിർവഹിക്കുന്ന ജഗമേ തന്തിരം 190രാജ്യങ്ങളിലായി ജൂൺ 18നു നെറ്റ്ഫ്ളിക്സിൽ റിലീസ് ചെയ്യും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *