പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസ് ഇന്ന് പരിഗണിക്കും

പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയ കേസ് വഞ്ചിയൂർ കുടുംബകോടതി ഇന്നു പരിഗണിക്കും. ദത്ത് നടപടികൾ നിർത്തിവെച്ച കോടതി തുടർ നടപടികൾ എന്താണെന്ന് അറിയിക്കണമെന്നു സർക്കാരിനോടു ആവശ്യപ്പെട്ടിരുന്നു. വകുപ്പ് തല അന്വേഷണങ്ങളടക്കം പൂർത്തിയാകുന്നതുവരെ ദത്തു നടപടികൾ നിർത്തിവെക്കണമെന്നായിരുന്നു സർക്കാർ ആവശ്യം.

വനിതാ ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണം തുടരുകയാണെന്നും റിപ്പോർട്ട് വൈകുമെന്നും സർക്കാർ ഇന്ന് കോടതിയിൽ അറിയിച്ചേക്കുമെന്നാണ് സൂചന. കോടതി ആവശ്യപ്പെട്ടത് പ്രകാരം പൊലീസ് അന്വേഷണ റിപ്പോർടും മുദ്രവെച്ച കവറിൽ ഇന്ന് കൈമാറിയേക്കും. ദത്തു നടപടികളിൽ അന്തിമ തീരുമാനമാകുന്നതുവരെ ദത്ത് സ്വീകരിച്ച ആന്ധ്രാ സ്വദേശികൾക്കൊപ്പം കുഞ്ഞ് തുടരട്ടെയെന്നായിരുന്നു കോടതി തീരുമാനം.

വനിതാ -ശിശുക്ഷേമ ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ലഭിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. കൂടുതൽ പേരുടെ മൊഴി എടുക്കേണ്ടതിനാൽ സമയം നീട്ടി ആവശ്യപ്പെട്ടെന്നും മന്ത്രി വ്യക്തമാക്കി.
ഇതിനിടെ തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന പരാതിയിൽ പേരൂർക്കട ദത്ത് വിവാദത്തിലെ പരാതിക്കാരി അനുപമയ്ക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ രംഗത്തെത്തി. ആരുടെയും പേരുപറഞ്ഞായിരുന്നില്ല സംഭാഷണം, പെൺകുട്ടികൾ ശക്തരാകണമെന്നാണ് താൻ പറഞ്ഞത്. അത് തെറ്റായി വ്യഖ്യാനിച്ചെന്നും മന്ത്രി പ്രതികരിച്ചു.

‘എന്റെ മക്കളെ വളർത്തിയതുപോലെ മറ്റ് പെൺകുട്ടികളും ബോൾഡായി വളരണം. ചുറ്റുമുള്ള ചതിക്കുഴികളിൽ പെൺകുട്ടികൾ വീണുപോകരുത്’. മന്ത്രി പറഞ്ഞു.പേരൂർക്കട ദത്തുവിവാദത്തിലെ പരാതിക്കാരായ അനുപമയ്ക്കും ഭർത്താവ് അജിത്തിനും എതിരായി താൻ ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. തന്റെ നാട്ടിൽ ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട്. അക്കാര്യമാണ് പറഞ്ഞത്. അനുപമയുടെ പരാതിയിൽ മറ്റ് പ്രതികരണങ്ങൾ നടത്താനില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാന് പിന്തുണയുമായി വി ശിവദാസൻ എം പി രംഗത്തെത്തിയിരുന്നു. ഷിജു ഖാന്റെ ഭാഗത്ത് നിന്ന് ചട്ടവിരുദ്ധമായി ഒന്നും ഉണ്ടായിട്ടില്ല. ഷിജു ഖാനെതിരെ കൽപിത കഥകൾ കെട്ടിച്ചമയ്ക്കപ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആരോപണങ്ങൾക്കെതിരെ തെളിവുകളില്ലെന്നും വി ശിവദാസൻ എം പി ഫേസ്ബുക്കിൽ കുറിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *