ഇന്ന് മുതൽ സ്കൂളുകൾ തുറക്കുന്നു; പ്രവേശനോത്സവം തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് മുതൽ സ്കൂളുകൾ തുറക്കുന്നു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 8.30നാണ് പ്രവേശനോത്സവം. ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകൾ തുറക്കുന്നത്. പ്രൈമറി, 10, പ്ലസ് ടു ക്ലാസുകളാണ് ആദ്യം തുടങ്ങുക. 8, 9 ക്ലാസുകൾ ഈ മാസം 15ന് ആരംഭിക്കും. 42 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

വാക്സിനെടുക്കാത്ത അധ്യാപകരും അനധ്യാപകരും സ്കൂളിൽ എത്തേണ്ടതില്ലെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരാഴ്ചയ്ക്ക് ശേഷം അവലോകനം നടത്തി വേണ്ട പരിഷ്കാരങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു. കുട്ടികൾക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും രക്ഷിതാക്കൾക്ക് ആശങ്ക വേണ്ട. ഹാജരില്ലാത്തത് അയോഗ്യതയാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ക്ലാസിൽ നേരിട്ടെത്താത്തത് അയോഗ്യതയായി കാണില്ല. നേരിട്ട് വരാൻ തയാറല്ലാത്തവർക്ക് ഡിജിറ്റൽ പഠനം തുടരാം. സ്കൂളുകളിൽ 15 കുട്ടികളുടെ വീതം ഗ്രൂപ്പുകൾ രൂപീകരിക്കും. ഒരു ഗ്രൂപ്പിന്റെ ചുമതല ഒരു അധ്യാപകന് നൽകും. 24300 തെർമ്മൽ സ്ക്യാനർ വിതരണം ചെയ്തിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി.

ഒരുക്കങ്ങളൊക്കെ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ തയ്യാറാക്കിയ മാർഗരേഖ കർശനമായി പാലിക്കണം. സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക അതീവപ്രധാനമാണ്. അക്കാര്യത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *