നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തും

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജിയും കുടുംബവും ഇന്ന് പട്ടിണി സമരം നടത്തും. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പട്ടിണി സമരം. വിജി നടത്തുന്ന സത്യാഗ്രഹ സമരം 16 ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് പട്ടിണി സമരം നടത്തുന്നത്.

നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. നെയ്യാറ്റിന്‍കര മുന്‍ ഡിവൈഎസ്പി ഹരികുമാര്‍ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 35 ലക്ഷത്തിന്റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിന്റെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.

സനലിന്റെ കുടുംബത്തിന് ഉപാധികളോടെ സഹായം വാഗ്ദാനം ചെയ്ത സിപിഐഎമ്മിന്റെ നിലപാട് കഴിഞ്ഞ ദിവസം വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന സത്യാഗ്രഹ സമരം അവസാനിപ്പിച്ചെന്ന് വാര്‍ത്താസമ്മേളനം നടത്തിയാല്‍ സാമ്പത്തിക സഹായവും ജോലിയും നല്‍കാമെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ അറിയിച്ചതായിട്ടാണ് ഇന്നലെ സനലിന്റെ ഭാര്യ പിതാവ് വര്‍ഗീസ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം സനലിന്റെ ഭാര്യ പിതാവിനെ സിപിഐഎം ജില്ലാ ഓഫീസില്‍ വിളിച്ചുവരുത്തിയാണ് സമരം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത്.

സമരം നിര്‍ത്തിയാല്‍ നഷ്ടപരിഹാരം വാങ്ങി തരാമെന്നും പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള സൊസെറ്റിയില്‍ ജോലി നല്‍കാമെന്നും പറഞ്ഞതായി വിജിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ നിഷേധിക്കുമെന്നും ആനാവൂര്‍ പറഞ്ഞതായും വര്‍ഗീസ് പറഞ്ഞു. ആന്‍സലന്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ കോടിയേരിയുമായി ചര്‍ച്ച ചെയ്യാമെന്നും ജില്ലാ സെക്രട്ടറി വാഗ്ദാനം ചെയ്തുവെന്നും വര്‍ഗീസ് വെളിപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *