ഡല്‍ഹി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി

ത്രികോണ മത്സരം നടന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫല സൂചനകള്‍ ബി.ജെ.പിയ്ക്ക് അനുകൂലമാണ്. ഉച്ചയോടെ പൂര്‍ണമായ ഫലങ്ങള്‍ വരുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ 23നാണ് തെരഞ്ഞെടുപ്പ് നടന്നത്. ഉത്തര ഡല്‍ഹിയില്‍ 16ഉം ദക്ഷിണ ഡല്‍ഹിയില്‍ 13ഉം കിഴക്കന്‍ ഡല്‍ഹിയില്‍ ആറും കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

തെരഞ്ഞെടുപ്പില്‍ 53.58 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നത്. മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനിലെ 272 സീറ്റുകളില്‍ 270 എണ്ണത്തിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ട് വാര്‍ഡുകളിലേക്കുള്ള മത്സരം സ്ഥാനാര്‍ഥികളുടെ മരണത്തെത്തുടര്‍ന്ന് മാറ്റിവച്ചിരിക്കുകയാണ്. 90,000 സുരക്ഷാ ജീവനക്കാരെയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് നിയോഗിച്ചിട്ടുള്ളത്.

അതേസമയം തെരഞ്ഞെടുപ്പ് ഫലം എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍പോലെ ബി.ജെ.പിക്ക് അനുകൂലമെങ്കില്‍ പുതിയ രാഷ്ട്രീയ നീക്കമുണ്ടാകുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ പറഞ്ഞു. വോട്ടിങ് മെഷിന്‍ ക്രമക്കേടുകളില്‍ ബി.ജെ.പിക്കെതിരേയുള്ള ആരോപണം ശക്തമായി വീണ്ടും ഉന്നയിക്കുമെന്ന സൂചന നല്‍കിയാണ് അദ്ദേഹം പുതിയ രാഷ്ട്രീയ നീക്കത്തിന് ഇടയാക്കുമെന്ന് വ്യക്തമാക്കിയത്.

അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി മുന്നേറ്റത്തിന് മുന്‍പുതന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളില്‍ കൃത്രിമത്വം നടന്നിട്ടുണ്ടെന്ന് ആംആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശിലടക്കം ബി.ജെ.പിയുടെ വലിയ വിജയത്തോടെ ബി.എസ്.പി,എസ്പി തുടങ്ങിയ പാര്‍ട്ടികള്‍ വോട്ടിങ്‌മെഷിന്‍ ക്രമക്കേടിനെതിരേ രംഗത്ത് വന്നിരുന്നു.

ബാലറ്റ് പേപ്പര്‍ തെരഞ്ഞെടുപ്പിന് ഉപയോഗിക്കണമെന്ന ആവശ്യം പാര്‍ട്ടികളില്‍ പലതും ഉയര്‍ത്തുകയും ചെയ്തു. ഡല്‍ഹി തെരഞ്ഞെടുപ്പില്‍ വിവിപാറ്റ് അല്ലാത്ത വോട്ടിങ് മെഷിന്‍ ഉപയോഗിക്കുന്നതിനെതിരായി എതിര്‍പ്പ് ഉയര്‍ന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *