കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് വീണ്ടും ഇന്ത്യ

പാകിസ്താന്‍ പട്ടാള കൊടതി വധശിക്ഷക്ക് വിധിച്ച കുല്‍ഭൂഷണ്‍ യാദവിന് നയതന്ത്ര സഹായം ലഭ്യമാക്കണമെന്ന് ഇന്ത്യ. പാകിസ്താന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന്‍മാരായ ഹമീദ് നെഹല്‍ അന്‍സാരി, കുല്‍ഭൂഷണ്‍ ജാദവ് എന്നിവര്‍ക്ക് എത്രയും വേഗം നയതന്ത്ര സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഇതിനിടയില്‍ ഇരുരാജ്യങ്ങളും ജയിലില്‍ കഴിയുന്ന പൗരന്‍മാരുടെ പട്ടിക പരസ്പരം കൈമാറി. പാക്കിസ്ഥാന്‍ നല്‍കിയ പട്ടിക പ്രകാരം 546 ഇന്ത്യന്‍ പൗരന്‍മാര്‍ പാക്ക് ജയിലുകളില്‍ കഴിയുന്നുണ്ട്. ഇതില്‍ 494 പേര്‍ മല്‍സ്യത്തൊഴിലാളികളാണ്.
ചാരപ്രവര്‍ത്തനം ആരോപിച്ച്‌ ഈ വര്‍ഷം ഏപ്രിലിലാണ് കുല്‍ഭൂഷണ്‍ യാദവിന് പാക് പട്ടാള കോടതി വധശിക്ഷ വിധിച്ചത്. നാവികസേനാ ഓഫിസറായി 2003ല്‍ വിരമിച്ചശേഷം ഇറാനിലെ ചാബഹാറില്‍ വ്യാപാരിയായിരിക്കേ പാക്ക് പട്ടാളം കുല്‍ഭൂഷണ്‍ ജാദവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വധശിക്ഷക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് താല്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
മുംബൈ സ്വദേശിയായ അന്‍സാരി അഫ്ഗാനിസ്താനില്‍ നിന്നും അനധികൃതമായി പാക്കിസ്താനില്‍ പ്രവേശിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. 2012ല്‍ ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാന്‍പോയ അന്‍സാരിയെ കാണാതാകുകയായിരുന്നു. പിന്നീടാണ് ഇയാള്‍ പാകിസ്താന്‍ ജയിലിലാണെന്ന വിവരം ലഭിച്ചത്.
2008 മേയ് 21ന് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച ഉഭയകക്ഷി ഉടമ്ബടിപ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ കൈമാറുന്നത്. വര്‍ഷത്തില്‍ രണ്ടു തവണയാണ് ഇത്തരത്തില്‍ തടവുകാരുടെ പട്ടിക പങ്കുവെക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി ഒന്നിനും ജൂലൈ ഒന്നിനും ഈ വിവരങ്ങള്‍ പരസ്പരം കൈമാറും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *