കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തയില്‍ 192 കോടിയുടെ വില്‍പന

വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തിയ കണ്യൂസമര്‍ഫെഡിന്റെ ഓണച്ചന്തയില്‍ ഇക്കുറി 192 കോടി രൂപയുടെ വില്‍പന. ഇതില്‍ 42 കോടി രൂപ സബ്‌സിഡി ഇനങ്ങള്‍ വിറ്റഴിച്ചു.
അവശ്യസാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കി സംസ്ഥാനത്തൊട്ടാകെ 3477 ചന്തകളാണ് ഓണം, ബക്രീദ് ആഘോഷമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തിയത്. സഹകരണ സ്ഥാപനങ്ങളുമായി ഒത്തുചേര്‍ന്ന് ഓണച്ചന്തകള്‍ വഴി നല്‍കിയ 38 ഇനങ്ങളില്‍ 13 ഇനങ്ങള്‍ക്കും സബ്‌സിഡിയുണ്ടായിരുന്നു. മറ്റുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പൊതുവിപണിയേക്കാള്‍ വിലക്കുറവിലും വിറ്റു.
കാസര്‍കോടാണ് വില്‍പ്പന കൂടുതല്‍. 30.41 കോടി രൂപയുടെ വില്‍പ്പന ജില്ലയിലെ വിവിധ ഓണച്ചന്തകളിലൂടെ നടന്നു. തൊട്ടുപുറകില്‍ കോഴിക്കോട്. 23.04 കോടി രൂപയുടെ വില്‍പ്പന നടന്നു. തിരുവനന്തപുരം(19.20 കോടി), പാലക്കാട്(18.52 കോടി), കൊല്ലം(17.84 കോടി), തൃശൂര്‍ (17.21 കോടി), എറണാകുളം(17.01 കോടി), കോട്ടയം(16.25 കോടി), മലപ്പുറം(12.44 കോടി), പത്തനംതിട്ട(10.52 കോടി), ആലപ്പുഴ(10.36 കോടി) എന്നിങ്ങനെയാണ് വില്‍പ്പന.
ഓഗസ്ത് രണ്ടാംവാരം ആരംഭിച്ച ഓണച്ചന്തകള്‍ ഉത്രാട നാളില്‍ അവസാനിച്ചു. വന്‍ വിലക്കുറവാണ് ഇവ സമ്മാനിച്ചത്. ഓണച്ചന്തകളിലൂടെ അരി ഉള്‍പ്പെടെയുള്ള പലവ്യഞ്ജനങ്ങള്‍ വില കുറച്ച് വില്‍പ്പന നടത്തിയതിലൂടെ പൊതുമാര്‍ക്കറ്റിലും വില താഴ്ന്നുവരുന്ന സാഹചര്യമുണ്ടായി.
വിലക്കുറവ് നല്‍കുന്നതോടൊപ്പം സാധനങ്ങളുടെ ഗുണനിലവാരവും കണ്‍സ്യൂമര്‍ഫെഡ് ഉറപ്പ് വരുത്തിയിരുന്നു. സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയായ കാഷ്യു എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ലബോറട്ടികളിലെ ഗുണനിലവാര പരിശോധനയ്ക്കുശേഷമാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്.
സംസ്ഥാനത്തെ 961 പഞ്ചായത്തുകളില്‍ 2575 ഓണച്ചന്തകളാണ് ഒരുക്കിയത്. മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലുമായി 691 ഓണച്ചന്തകളും സജ്ജമാക്കി. 196 ത്രിവേണി, 15 മൊബൈല്‍ ത്രിവേണി വഴിയുമായി 3477 ചന്തകളുമുണ്ട്.
ഇതില്‍ 213 വനിതാ സഹകരണ സംഘങ്ങള്‍, 60 എസ്സി എസ്ടി സംഘങ്ങള്‍, 143 എംപ്‌ളോയീസ് സഹകരണ സംഘങ്ങള്‍, 91 കാര്‍ഷിക സഹകരണ സംഘങ്ങള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഒപ്പം 2481 പ്രൈമറി സഹകരണ ബാങ്കുകളും ഓണച്ചന്തകള്‍ ഒരുക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *