ഗൌരി ലങ്കേഷിന്റെ കൊലപാതകം; കോടിയേരിയുടെ വാക്കുകളില്‍ ഞെട്ടി സംഘപരിവാര്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി കോടിയേരി ബാലകൃഷ്ണന്‍. ഗൗരി ലങ്കേഷിനെ ബാംഗ്ലൂരില്‍ വെടിവെച്ചുകൊന്ന സംഭവം തീര്‍ത്തും അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണെന്ന് കോടിയേരി ഫെസ്ബുക്കില്‍ കുറിച്ചു.

കോടിയേരിയുടെ വാക്കുകള്‍:

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിനെ ബാംഗ്ലൂരില്‍ വെടിവെച്ചുകൊന്ന സംഭവം തീര്‍ത്തും അപലപനീയവും പരിഷ്‌കൃത സമൂഹത്തിന് അപമാനകരവുമാണ്. കല്‍ബുര്‍ഗി, പന്‍സാരെ, ധബോല്‍ക്കര്‍ എന്നിവരെ കൊന്നുതള്ളിയ അതേ രീതിയാണ് ഈ കൊലപാതകത്തിന്റെ കാര്യത്തിലും കാണാനാവുക.
കര്‍ണാടകത്തില്‍ വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലകൊള്ളുന്ന പുരോഗമന പ്രവര്‍ത്തകരില്‍ മുന്‍പന്തിയിലുള്ള മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി. സംഘപരിവാറിന്റെ തീവ്രനിലപാടുകള്‍ക്കെതിരെ ഇവര്‍ നിരന്തരം നിലപാട് എടുത്തിരുന്നു. ഇതിനെതിരായ പ്രതികരണമാണ് കൊലപാതകമെന്നാണ് സൂചനകള്‍.
എം എം കല്‍ബുര്‍ഗിയെ വധിച്ചതിനു സമാനമായ രീതിയിലാണ് അക്രമികള്‍ ഇടതുചിന്തക കൂടിയായ ഗൗരി ലങ്കേഷിനെയും വധിച്ചത്. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വനിലപാടുകളെയും അന്ധവിശ്വാസങ്ങളെയും എതിര്‍ത്തതിനെ തുടര്‍ന്നാണ് സംഘപരിവാറുകാര്‍ രണ്ടുവര്‍ഷംമുമ്ബ് കല്‍ബുര്‍ഗിയെ കൊന്നത്. ഗൌരിയുടെ കൊലപാതകത്തിനു പിന്നിലും സംഘപരിവാറുകാര്‍ തന്നെയാണെന്നാണ് നിഗമനം.
കല്‍ബുര്‍ഗിയെ വധിച്ചതിനെതിരായ പ്രതിഷേധത്തില്‍ ഗൌരിയും പങ്കെടുത്തിരുന്നു. ആര്‍ എസ് എസിനെതിരെ നിരവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. പുരോഗമന നിലപാടുകളുടെ പേരില്‍ നിരവധി ഭീഷണികളും ഉണ്ടായിട്ടുണ്ട്. ലങ്കേഷ് പത്രികയെന്ന ആഴ്ചപ്പതിപ്പിന്റെ എഡിറ്ററാണ് ഗൗരി ലങ്കേഷ്. ഈ കൊലപാതകത്തിന് പിന്നിലുള്ള യഥാര്‍ത്ഥ ശക്തികളെയും ഇതിന് പിന്നിലുള്ള ഗൂഡാലോചനയും കണ്ടെത്തണം. ഈ കൊലപാതകത്തിനെതിരെ ശക്തമായ പ്രതിഷേധം നാടാകെ ഉയര്‍ന്നുവരണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *