എസ്.ബി.ടി എ.ടി.എം, ഇന്റര്‍നെറ്റ് ഇടപാടുകള്‍ ഇന്നു രാത്രി മുതല്‍ നിര്‍ജ്ജീവമാകും

എസ്.ബി.ഐ ലയനത്തിന്റെ ഭാഗമായി എസ്.ബി.ടിയുടെ സേവനങ്ങള്‍ 12 മണിക്കൂര്‍ നേരത്തേക്ക് നിര്‍ജ്ജീവമാകും. വെള്ളിയാഴ്ച രാത്രി 11.15 മുതല്‍ ശനിയാഴ്ച രാവിലെ 11.30 വരെയാണ് വിവിധ സേവനങ്ങള്‍ പ്രവര്‍ത്തന രഹിതമാവുക.

എസ്.ബി.ടിയുടെ എ.ടി.എം ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നിവ പ്രവര്‍ത്തന രഹിതമാവും. എസ്.ബി.ഐയുടെ ഇടപാടുകളും രാത്രി 11.15 മുതല്‍ രാവിലെ ആറു മണിവരെ നിര്‍ത്തിവയ്ക്കും. നാളെ 11.30 ന് ശേഷം എസ്.ബി.ടിയുടെ സേവനങ്ങള്‍ പുന:സ്ഥാപിക്കും.

അക്കൗണ്ട് വിവരങ്ങള്‍ കൈമാറി ലയിപ്പിക്കല്‍ നടപടി പൂര്‍ത്തിയാക്കുന്നതിനാണ് താല്‍ക്കാലികമായി സേവനങ്ങള്‍ നിര്‍ത്തിവയ്ക്കുന്നത്. ലയിപ്പിക്കല്‍ തീരുന്നതോടെ തിങ്കളാഴ്ച മുതല്‍ എല്ലാ എസ്.ബി.ഐ ശാഖകളിലും എസ്.ബി.ടിയില്‍ അക്കൗണ്ടുള്ളവര്‍ക്കും ഇടപാടുകള്‍ നടത്താം. എ.ടി.എം ഇടപാടുകള്‍ക്കും സ്വന്തം ബാങ്കെന്ന പരിധിയില്‍ തന്നെ എസ്.ബി.ഐയെ ആശ്രയിക്കാം.

വിവിധ സംസ്ഥാനങ്ങളുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കുമാണ് എസ്.ബി.ഐയില്‍ ലയിച്ചത്. എസ്.ബി.ഐയെ അന്താരാഷ്ട്രാതലത്തില്‍ മികവുറ്റ 50 ബാങ്കുകളില്‍ ഒന്നാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ലയനം നടപ്പാക്കിയത്.

അതേസമയം, എസ്.ബി.ഐ ഏര്‍പ്പെടുത്തിയ പുതിയ ബാങ്ക് ചാര്‍ജ്ജുകള്‍ എസ്.ബി.ടി അക്കൗണ്ടുള്ളവരെയും ബാധിക്കും. ചെറുഗ്രാമങ്ങളില്‍ 1000, സെമി അര്‍ബന്‍ 2000, അര്‍ബന്‍ 3000, മെട്രോ 5000 എന്നിങ്ങനെയാണ് എസ്.ബി അക്കൗണ്ടിലെ ബാലന്‍സ് നിജപ്പെടുത്തിയിരിക്കുന്നത്. മിനിമം ബാലന്‍സ് കുറഞ്ഞാല്‍ 50 രൂപമുതല്‍ 100 രൂപ വരെ പിഴ ഈടാക്കും.

പണം അടക്കുന്നതിനും പിന്‍വലിക്കുന്നതിനും നിയന്ത്രണവുമുണ്ടാകും. എസ്.ബി.ടിയില്‍ നിന്ന് ലളിതമായ വ്യവസ്ഥകളിലൂടെ ലഭ്യമായിരുന്ന വീട്, കാര്‍ തുടങ്ങിയ ലോണുകള്‍ക്കും ഇനി നിയന്ത്രണമുണ്ടാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *