ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്: ഉച്ചവരെ മികച്ച പോളിംഗ്

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ മികച്ച പോളിംഗ്. ഒരു മണി വരെ 35 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

മഥുരയിലെ മൂന്ന് ബൂത്തുകളില്‍ വോട്ടെടുപ്പ് തടസ്സപ്പെട്ടു. വോട്ടിംഗ് യന്ത്രങ്ങളുടെ തകരാറാണ് തടസത്തിന് കാരണം. മീററ്റിലെ കിതൗറില്‍ ബിഎസ്പി-എസ്പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്. സമാധാനപരമായ വോട്ടെടുപ്പിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇന്നു നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 73 സീറ്റുകളിലേയ്ക്കുള്ള വോട്ടെടുപ്പാണ് നടക്കുന്നത്. ആദ്യഘട്ടത്തില്‍ ജനവിധി തേടിയിറങ്ങുന്നത് 836 സ്ഥാനാര്‍ഥികളാണ്.

മുസാഫര്‍നഗറും ഷംലിയുമുള്‍പ്പെടെ സംസ്ഥാനത്തിന്റെ പടിഞ്ഞാറന്‍മേഖലയിലെ 15 ജില്ലകളിലാണ് തിരഞ്ഞെടുപ്പ്. ഭാഗ്പത്, മീററ്റ്, ഗാസിയാബാദ്, ഗൗതം ബുദ്ധ്നഗര്‍, ഹപുര്‍, ബുലന്ദ് ശഹര്‍, അലിഗഢ്, മഥുര, ഹത്രാസ്, ആഗ്ര, ഇട്ടാവ, ഫിറോസാബാദ്, കസ്ഗഞ്ച് എന്നിവയാണ് മറ്റു ജില്ലകള്‍.

ഏഴുഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച്‌ എട്ടിന് അവസാനിക്കും. ആദ്യഘട്ടത്തില്‍ 2.59 കോടി ജനങ്ങളാണ് വിധിയെഴുതുന്നത്. ഇതില്‍ 24 ലക്ഷവും കന്നിവോട്ടര്‍മാരാണ്. 1.17 കോടി സ്ത്രീകളും. മാര്‍ച്ച്‌ 11-ന് ആണ് വോട്ടെണ്ണുക.

ഉത്തര്‍പ്രദേശില്‍ നടന്ന 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്.പി, ബി.എസ്.പി. പാര്‍ട്ടികള്‍ 24 സീറ്റുകള്‍വീതം നേടിയപ്പോള്‍ ബി.ജെ.പി.യ്ക്ക് പതിനൊന്നും ആര്‍.എല്‍.ഡി.ക്ക് ഒമ്ബതുമാണ് ലഭിച്ചത്. കോണ്‍ഗ്രസിന് അഞ്ചുസീറ്റുകളേ ലഭിച്ചുള്ളൂ.

Spread the love

Leave a Reply

Your email address will not be published. Required fields are marked *