കേരളത്തിലെ കോടികളുടെ ഇടപാടുകളെച്ചൊല്ലി തർക്കം; ശശികലയുടെ വിശ്വസ്തർ അടിച്ചുപിരിയുന്നു കോട്ടയം സ്വദേശിനിയുടെ സംഘം ഇൻറ്റലിജെൻസ് നിരീക്ഷണത്തിൽ

കൊച്ചി: തമിഴ്നാട് രാഷ്ട്രീയത്തിലെ അധികാരകൈമാറ്റത്തെക്കുറിച്ചുള്ള തർക്കം ക്ളൈമാക്സിൽ നിൽക്കുമ്പോൾ ഉന്നത തമിഴ്സംഘം ഉൾപ്പെട്ട കൊച്ചി കേന്ദ്രീകരിച്ചുള്ള റിയൽ എസ്റ്റേറ്റ് ലോബി രഹസ്യാന്വേഷണ വിഭാഗത്തിൻറെ നിരീക്ഷണത്തിൽ. ജയലളിതയുടെയും ശശികലയുടെയും അടുത്ത അനുയായികളായ ഈ വൻകിട സംഘം സംസ്ഥാനത്തിൻരെ പലഭാഗങ്ങളിലായി വർഷങ്ങളായി ബിനാമി പേരുകളിൽ വാങ്ങിക്കൂട്ടിയിരിക്കുന്നത് ഏക്കറുകണക്കിന് ഭൂമിയാണ്. കോടിക്കണക്കിന് രൂപ വിലവരുന്ന ഈ ഭൂമിയിടപാടിന് ചുക്കാൻ പിടിച്ചിരിക്കുന്നത് കോട്ടയം സ്വദേശിയായ യുവതിയും സംഘവുമാണ്. ബിനാമിപേരിൽ വാങ്ങിക്കൂട്ടിയ ഭൂമി ക്രയവിക്രയം ചെയ്യാനുള്ള നീക്കത്തിനിടെയാണ് നോട്ട് അസാധുവാക്കലും ജയലളിതയുടെ മരണവും കടന്നുവന്നത്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈ സംഘത്തിനിടയിലുണ്ടായ അഭിപ്രായവ്യത്യാസമാണ് രഹസ്യവിവരങ്ങൾ പുറത്താകാൻ കാരണം. ഭൂമിയിടപാടുകൾക്ക് പുറമെ സംസ്ഥാനത്തെ ചില വൻകിട വ്യാപാര സ്ഥാപനങ്ങളിൽ ജയലളിതയുടെ കോടികളുടെ രഹസ്യനിക്ഷേപങ്ങളുണ്ട്. പണം ശശികലയും ഈ സംഘവും ചേർന്നാണ് നിക്ഷേപിച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ ഇപ്പോഴത്തെ അപ്രതീക്ഷിതമായ രാഷ്ട്രീയനീക്കം ഈ സംഘത്തിൻറെ പണമിടപാടുകളിൽ കടുത്ത ഭിന്നതയുണ്ടാക്കി. ശശികല അപ്രാദിത്തത്തോടെ മുഖ്യമന്ത്രിയാകുമെന്നാണ് ഇവരെല്ലാം കരുതിയത്. ഒ.പനീ‍ശെൽവത്തിൻറെ നേതൃത്വത്തിലുള്ള ഒരുവിഭാഗം സജീവമായതോടെയാണ് കേരളത്തിലെ ബിനാമി ഇടപാടുകളെക്കുറിച്ചും വൻകിട നിക്ഷേപങ്ങളുടെ വിവരങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തായതും രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞതും. ആലുവ പെരിയാറിൻറെ തീരത്തും പാലാരിവട്ടത്തും കോട്ടയത്തും ഇടുക്കിയിലും പാലക്കാട്ടും വയനാട്ടിലുമൊക്കെയായിയാണ് ഭൂമി വാങ്ങിക്കൂട്ടിയത്.
കോട്ടയം സ്വദേശിനി നേതൃത്വം നൽകുന്ന ഈ സംഘത്തിന് ഭുമിയിടപാടുകളിൽ റവന്യൂ വകുപ്പുമായ ബന്ധപ്പെട്ട് സജീവമായി പിന്തുണ നൽകിയത് ഒരു മലയോര പാർട്ടിയുടെ ഉന്നത നേതാക്കൻമാരായിരുന്നു. വ‍ർഷങ്ങളായി ഈ സംഘം നടത്തിവന്ന കേരളത്തിലെ എല്ലാ ഇടപാടുകളെക്കുറിച്ച് ശശികലയുടെ കൈയ്യിലാണ് വ്യക്തമായ ധാരണയും രേഖകളുമുള്ളത്. ഇവരുമായി കൂടുതൽ അടുപ്പമുള്ള കോട്ടയം സ്വദേശിനി സംഘത്തിലെ മറ്റുള്ളവരുമായി ഇടപാട് സംബന്ധിച്ച് തർക്കമുണ്ടായത് അടുത്ത ദിവസമാണ്. ഇതിനെ തുടർന്നാണ് കൂടെയുള്ളവർ വിവരങ്ങൾ ചോർത്തി നൽകിയത്. ഇതിൻറെ അടിസ്ഥാനത്തിൽ കോടികളുടെ ബിനാമി ഇടപാടുകളെക്കുറിച്ചും എല്ലാ നിക്ഷേപങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിക്കാൻ രഹസ്യാന്വേഷ വിഭാഗം തീരുമാനിച്ചത്. ശശികല സ്വന്തമാക്കിവെച്ചിരിക്കുന്ന കേരളത്തിലെ ബിനാമി ഇടപാടുകളെക്കുറിച്ചുള്ള എല്ലാവിധ വിവരങ്ങളും പനീർസെൽവത്തിന് എത്തിക്കാനും ഈ സംഘത്തിൻറെ അണിയറയിൽ നീക്കം നടക്കുന്നുണ്ട്.
അതേസമയം ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹച നീക്കാനുള്ള ജുഡീഷ്യൽ അന്വേഷണത്തിന് പുറമെ ജയലളിതയും ശശികലയും പ്രതികളായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഒരാഴ്ചയ്ക്കകം സുപ്രീംകോടതി വിധിപറയാനിരിക്കുകയാണ്. 1991- 96 കാലത്ത് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് ആരോപണം. കേസില്‍ 2015ല്‍ പ്രത്യേക വിചാരണക്കോടതി ജയലളിത, ശശികല, ഇവരുടെ സഹോദരീപുത്രന്‍ സുധാകരന്‍, സഹോദര ഭാര്യ ഇളവരശി എന്നിവരെ നാലുവര്‍ഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ജയലളിതയോടു 100 കോടിരൂപ പിഴയടയ്ക്കാനും അന്ന് കോടതി ഉത്തരവിട്ടിരുന്നു. സുപ്രീംകോടതി വിധി പ്രതികൂലമായാല്‍ മുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതിനും തെരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിനും ശശികലയ്ക്ക് വിലക്കുണ്ടാകും. ഇതാണ് കേരളത്തിലെ വർഷങ്ങളായി ജയലളിതയുടെയും ശശികലയുടെയും വിശ്വസ്തരായ പണമിടപാടു സംഘത്തിലും വിള്ളലുണ്ടാക്കിയിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *