ഓഹരി വിപണിക്ക് പ്രതീക്ഷ ഐടി കമ്പനികളില്‍

കൊച്ചി: പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ താഴോട്ട് സഞ്ചരിച്ച ഇന്ത്യന്‍ ഓഹരി വിപണി ഈവാരം വലിയ നേട്ടങ്ങള്‍ രേഖപ്പെടുത്താന്‍ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തലുകള്‍. ഇന്‍ഫോസിസ് അടക്കമുള്ള പ്രമുഖ ഐടി കമ്പനികളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ ഒക്‌ടോബര്‍ – ഡിസംബര്‍ ത്രൈമാസ കാലയളവിലെ പ്രവര്‍ത്തനഫലം പുറത്തു വരുമെന്നതും ഈവാരം ഓഹരി വിപണിയുടെ ഗതി നിശ്ചയിക്കും.
ആഭ്യന്തര ഉത്പാദനം, നാണയപ്പെരുപ്പം എന്നിവയുടെ കണക്കുകളുടെ ഈവാരം വെളിച്ചം കാണുമെന്നതിനാല്‍ നിക്ഷേപകര്‍ കരുതലോടെയോടെയാകും വിപണിയില്‍ ഇടപെടുക. റിസര്‍വിന്റെ ത്രൈമാസ ധന അവലോകന യോഗം ജനുവരി 28ന് ചേരുന്നുണ്ട്. നാണയപ്പെരുപ്പം വീണ്ടും വര്‍ദ്ധന രേഖപ്പെടുത്തിയാല്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കുകള്‍ ഉയര്‍ത്താനുള്ള സാദ്ധ്യതകളും ഏറെയാണ്. വിദേശ നിക്ഷേപകരുടെ ഇടപെടല്‍, രൂപയുടെ മൂല്യം എന്നിവയും ഈവാരം ഓഹരി വിപണിയെ സ്വാധീനിക്കും.
പുതുവര്‍ഷത്തിന്റെ ആലസ്യത്തില്‍ നിക്ഷേപകര്‍ ലയിച്ചതോടെ കഴിഞ്ഞവാരം 343 പോയിന്റുകളുടെ നഷ്ടം ബോംബെ ഓഹരി സൂചിക രേഖപ്പെടുത്തിയിരുന്നു. ആഘോഷങ്ങള്‍ ഒഴിഞ്ഞെങ്കിലും നാണയപ്പെരുപ്പം, ആഭ്യന്തര ഉത്പാദനം എന്നിവയുടെ കണക്കുകള്‍ ഈവാരം പുറത്തുവരുമെന്നത് നിക്ഷേപകരുടെ സജീവ പങ്കാളിത്തം വിപണിയില്‍ ഉണ്ടാകുന്നതിന് തടസ്സമാകും.
ജനുവരി 10ന് ഇന്‍ഫോസിസിന്റെ ത്രൈമാസ പ്രവര്‍ത്തഫലം പുറത്തുവരുമെന്നാണ് അറിയുന്നത്. ലാഭക്കണക്കാണ് ഇന്‍ഫോസിസും മറ്റ് ഐടി കമ്പനികളും രേഖപ്പെടുത്തുന്നതെങ്കില്‍ ഓഹരി സൂചിക ഉണര്‍വിന്റെ പാതയിലേക്ക് പ്രവേശിക്കാന്‍ അത് ഇടവരുത്തുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *