തിരുവനന്തപുരം: പിഎസ്എല്‍വിയ്ക്ക് ശേഷം പ്രതീക്ഷയോടെ ഐഎസ്ആര്‍ഒ അടുത്തതായി കളത്തിലിറക്കുന്ന റോക്കറ്റാണ് ജിഎസ്എല്‍വി. ഒരു വിക്ഷേപണം കൂടി വിജയകരമായാല്‍ ജിഎസ്എല്‍വിയെ വാണിജ്യാടിസ്ഥാനത്തില്‍ ഉപയോഗിക്കാമെന്നാണ് ഐഎസ്ആര്‍ഒ കരുതുന്നത്.
ജിസാറ്റ് 6, ജിസാറ്റ് 7എ, ജിസാറ്റ് 9, ചന്ദ്രയാന്‍ 2 എന്നിങ്ങനെയാണ് അടുത്ത ജിഎസ്എല്‍വി വിക്ഷേപണങ്ങള്‍. സ്വന്തം വാഹനത്തില്‍ മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കണമെങ്കിലും ജിഎസ്എല്‍വി കൂടിയേതീരു. അത്യന്തം സങ്കീര്‍ണമായ ഇത്തരം വിക്ഷേപണങ്ങള്‍ക്കുമുമ്പ് ജിഎസ്എല്‍വിയുടെ വിശ്വാസ്യത തെളിയിക്കേണ്ടതുണ്ട്.
പിഎസ്എല്‍വി വഴി ഇടത്തരം ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ജര്‍മനി, ഇംഗ്ലണ്ട് തുടങ്ങിയ രാഷ്ട്രങ്ങള്‍ ഇന്ത്യയെ സമീപിച്ചിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തില്‍ പിഎസ്എല്‍വിയുടെ രണ്ട് വിക്ഷേപണങ്ങള്‍ ഈ വര്‍ഷം നടത്തും.
ഐഎസ്ആര്‍ഒയുടെ വാണിജ്യസ്ഥാപനമായ ആന്‍ട്രിക്‌സ് കോര്‍പറേഷന്റെ ഈ വര്‍ഷത്തെ വിറ്റുവരവ് 1,300 കോടി രൂപയാണ്. ജിഎസ്എല്‍വിയുടെ വരവോടെ എല്ലാം ശരിയാകുകയാണെങ്കില്‍ ഇത് അടുത്ത വര്‍ഷം ഇരട്ടിയാകുമെന്നാണ് സൂചന. മൂന്ന് ടണ്‍ വരെയുള്ള വാര്‍ത്താവിനിമയ ഉപഗ്രങ്ങള്‍ വിക്ഷേപിക്കുന്നതിന് അമേരിക്കയും റഷ്യയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും കനത്ത പ്രതിഫലമാണ് ചോദിക്കുന്നത്. ഈ തുകയുടെ പകുതിയുമായിട്ടായിരിക്കും ഇന്ത്യ വിപണിയിലിറങ്ങുന്നത്.
അതുകൊണ്ടുതന്നെ എങ്ങനെയും ജിഎസ്എല്‍വിയുടെ ഗതിയ്ക്ക് വിഘാതമുണ്ടാക്കാന്‍ ഈ രാഷ്ട്രങ്ങള്‍ ശ്രമിക്കുമെന്നുള്ളത് ഉറപ്പാണ്. അതിശീത എന്‍ജിന്‍ സാങ്കേതിക വിദ്യ ഇന്തയ്ക്ക് നിഷേധിക്കാന്‍ റഷ്യയെ അമേരിക്ക പ്രേരിപ്പിച്ചതിനുപിന്നില്‍ അന്താരാഷ്ട്ര ഗൂഡാലോചനയുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.