വധശിക്ഷയിൽ നിന്ന് രക്ഷിക്കണം മുഖ്യമന്ത്രിക്ക് യെമനിലെ ജയിലിൽ നിന്നൊരു കത്ത്

വധശിക്ഷയില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് യെമനിലെ ജയിലില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച്‌ നിമിഷ. ജയില്‍ മോചനത്തിന് സഹായിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് നിമിഷയുടെ കത്ത്. ഓരോ നിമിഷവും ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചാണ് കഴിയുന്നതെന്നും, ആശങ്കയോടെയാണ് ദിനങ്ങള്‍ തള്ളിനീക്കുന്നതെന്നും കത്തില്‍ പറയുന്നത്. യുവതിയുടെ ജയില്‍ മോചന ശ്രമങ്ങള്‍ക്കായി രൂപീകരിച്ച സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ മുഖേനയാണ് കത്ത് കൈമാറിയത്. സര്‍ക്കാര്‍ തലത്തിലുള്ള നിയമ, നയതന്ത്ര സഹായങ്ങളാണ് യുവതി കത്തില്‍ ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെയും കേന്ദ്രത്തിന്റെയും ഇടപെടലുകള്‍ കൂടി ഉണ്ടായാല്‍ മോചനം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നിമിഷ പ്രിയ.
പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷയെ യമന്‍ പൗരന്‍ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. ഇടപെടലുകളെ തുടര്‍ന്ന് ശിക്ഷ നടപ്പാക്കുന്നത് തത്കാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് മോചനദ്രവ്യമായി ഏകദേശം 70 ലക്ഷം രൂപ നല്‍കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. പൊതുജനങ്ങളില്‍ നിന്ന് സമാഹരിക്കാനാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനം. ജയില്‍ മോചന ശ്രമങ്ങള്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച്‌ കേന്ദ്ര വിദേശകാര്യമന്ത്രി അടക്കമുള്ളവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *