ഗര്‍ഭിണികള്‍ക്ക് അഭയസ്ഥാനമായി ഒരു സര്‍ക്കാര്‍ ആശുപത്രി

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന വ്യവസായ തലസ്ഥാനമായ മുംബൈയില്‍ വൈറസ് ബാധ സ്ഥിരീകരിച്ച ഗര്‍ഭിണികള്‍ക്ക് അഭയസ്ഥാനമായി ഒരു സര്‍ക്കാര്‍ ആശുപത്രി. സര്‍ക്കാര്‍ നിയന്ത്രണത്തിലുളള ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയില്‍ മഹാമാരിയുടെ കാലത്ത് കോവിഡ് സ്ഥിരീകരിച്ച 700ലധികം സ്ത്രീകളാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഇത്രയുമധികം ഗര്‍ഭിണികളെ ചികിത്സിച്ച മറ്റൊരു ആശുപത്രിയും ഉണ്ടാകാനിടയില്ല എന്നാണ് ഡോക്ടര്‍മാരുടെ വിശ്വാസം.

നാലു തവണ ഗര്‍ഭമലസല്‍ നേരിട്ടത്തിന്റെ മനോവിഷമത്തിനിടെ, കോവിഡ് സ്ഥിരികരിച്ച നാഹിദ് ഖാന്റെ പ്രസവമാണ് ഇത്തരത്തില്‍ ആദ്യത്തേത്. നിരവധി മാനസിക പ്രയാസങ്ങള്‍ക്കിടെ ഏപ്രിലില്‍ കോവിഡ് സ്ഥിരീകരിച്ച പരിശോധനാ റിപ്പോര്‍ട്ട് നാഹിദ് ഖാനെ അക്ഷരാര്‍ത്ഥത്തില്‍ ഉലച്ചു. കോവിഡ് വ്യാപനത്തില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന മുംബൈയില്‍ പ്രസവത്തിന് സുരക്ഷിതമായ ഇടം തേടിയുളള അന്വേഷണമാണ് ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയില്‍ നാഹിദ് ഖാനെ എത്തിച്ചത്. 99 വര്‍ഷത്തെ പാരമ്ബര്യമുളള ആശുപത്രിയില്‍ നാഹിദ് ഖാന്‍ സിസേറിയനിലൂടെ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കി. പിന്നീട് ഇത്തരത്തില്‍ 700ലധികം പ്രസവങ്ങള്‍ക്കാണ് ആശുപത്രി സാക്ഷ്യം വഹിച്ചത്.

പ്രസവരംഗത്ത് ആശുപത്രിയുടെ അനുഭവസമ്ബത്താണ് ഇത്രയുമധികം പ്രസവങ്ങള്‍ ഒരു പ്രശ്‌നവുമില്ലാതെ നടത്താന്‍ സഹായകമായത്. കഴിഞ്ഞ ഒരു ദശാബ്ദമായി പ്രസവത്തെ തുടര്‍ന്നുളള മരണനിരക്ക് ഇന്ത്യയില്‍ കുറച്ചു കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. ആശുപത്രിയെ കൂടുതലായി ആശ്രയിക്കുന്നതാണ് ഇതിന് കാരണം.

ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയില്‍ പ്രതിവര്‍ഷം ശരാശരി 4000 പ്രസവമാണ് നടക്കുന്നത്. ആദ്യ കോവിഡ് കേസ് ആശുപത്രിയില്‍ എത്തിയ സമയത്ത് നൂറോളം ഗര്‍ഭിണികളാണ് ചികിത്സയിലുണ്ടായിരുന്നത്. ഇത് വെല്ലുവിളിയായിരുന്നുവെന്ന് ഡോക്ടര്‍ നീരജ് മഹാജന്‍ പറയുന്നു. കോവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണികളെ ചികിത്സിക്കാന്‍ പ്രത്യേക സൗകര്യം തന്നെ ക്രമീകരിച്ചു.

ഏപ്രിലില്‍ ആശുപത്രി പൂര്‍ണമായി കോവിഡ് ആശുപത്രിയായി പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ആദ്യമായി ഒരു മെഡിക്കല്‍ കോളജിനെ കോവിഡ് ആശുപത്രിയാക്കിയത് ബിവൈഎല്‍ നായര്‍ ചാരിറ്റബിള്‍ ആശുപത്രിയെയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *