റേഷന്‍ കടകള്‍ വഴിയുള്ള ആട്ട വിതരണം പുനഃസ്ഥാപിക്കുന്നു

സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴിയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴിയും ആട്ടയുടെ വിതരണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സിവില്‍ സപ്ലൈസ് കമ്മിഷണര്‍, ഡയരക്ടര്‍, സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയരക്ടര്‍, ധനകാര്യ വകുപ്പ്, ഭക്ഷ്യ പൊതുവിതരണ വിഭാഗം എന്നിവര്‍ക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സംസ്ഥാന മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം ജനറല്‍ സെക്രട്ടറി ജോയ് കൈതാരത്ത് മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ഡിസംബര്‍ വരെ ഏതാണ്ട് 7500 ടണ്‍ ആട്ടയാണ് റേഷന്‍ കടകളിലൂടെയും സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വില്‍പ്പന കേന്ദ്രങ്ങളിലൂടെയും മാസം തോറും വിറ്റഴിച്ചിരുന്നത്.
കിലോവിന് 15 രൂപയായിരുന്നു വില. സംസ്ഥാനത്തിന് കേന്ദ്ര വിഹിതമായി പൊതുവിതരണത്തിനായി ലഭിച്ചിരുന്ന ഗോതമ്പില്‍നിന്നുള്ള വിഹിതം ഉപയോഗിച്ചായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ആട്ട നിര്‍മിച്ച് വിതരണം ചെയ്തിരുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഡിസംബര്‍ മുതല്‍ റേഷന്‍ വിഹിതം വെട്ടിക്കുറച്ചിരുന്നു.
ഈ നടപടിയുടെ ഭാഗമായി ഗോതമ്പിന്റെ ലഭ്യതയും കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ആട്ട ഉല്‍പാദനത്തെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി പ്രതികൂലമായി ബാധിച്ചു. ഇതോടെയാണ് ആട്ടയുടെ വിതരണം നിര്‍ത്തിവച്ചത്. വിതരണം നിലച്ചതോടെ പതഞ്ജലിയുള്‍പ്പെടെയുള്ള കമ്പനികളുടെ ആട്ടയുടെ വിറ്റുവരവ് കൂടിയിരുന്നു. ശരാശരി 200 ടണ്‍ മാത്രം ആട്ട കേരളത്തില്‍ വിറ്റിരുന്ന പതഞ്ജലിയുടെ വില്‍പ്പന 4500 ടണ്ണോളം ആയാണ് ഉയര്‍ന്നത്. മറ്റു സ്വകാര്യ ആട്ട വില്‍പ്പന കമ്പനികളുടെ വില്‍പ്പനയും ഈ കാലയളവില്‍ നല്ല വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. പതഞ്ജലി ആട്ടയുടെ വില കിലോവിനു 38 രൂപയായിരുന്നെങ്കില്‍ മറ്റു ബ്രാന്‍ഡുകളുടേത് 40 മുതല്‍ 45 രൂപ വരെ ആയിരുന്നു. ഈ വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടിയായിരുന്നു ജോയിയുടെ പരാതി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *