അമിത് ഷാ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുമായി കൂടിക്കാഴ്ച നടത്തി. ബാന്ദ്രയിലെ താക്കറെയുടെ വസതിയായ മാതോശ്രീയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

അമിത് ഷാക്കൊപ്പം മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമുണ്ടായിരുന്നു.
രാവിലെ 10 മണിക്ക് ആരംഭിച്ച കൂടിക്കാഴ്ച 75 മിനിട്ടോളം നീണ്ടുനിന്നു. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു അമിത് ഷാ. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് മുമ്പുള്ള കൂടിക്കാഴ്ചയായിരുന്നു ഇത്.

രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്ന കാര്യം ശിവസേന പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക ശാസ്ത്രജ്ഞന്‍ എം.എസ്. സ്വാമിനാഥന്റെ പേരും ഇവര്‍ സൂചിപ്പിച്ചിരുന്നു. നേരത്തെയുള്ള രണ്ട് രാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായിരുന്ന പ്രതിഭാ പാട്ടീലിനെയും പ്രണബ്കുമാര്‍ മുഖര്‍ജിയെയും ശിവസേന പിന്തുണച്ചിരുന്നു.

കര്‍ഷകര്‍ക്ക് ആശ്വാസകരമായി മഹാരാഷ്ട്രാ സര്‍ക്കാര്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളിയ കാര്യം അമിത് ഷാ ചൂണ്ടിക്കാണിച്ചു. ഇതിന്റെ ബാധ്യത ബാങ്കുകളല്ല സര്‍ക്കാരാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *