പളനിസ്വാമിയുള്‍പ്പടെയുളളവര്‍ക്കെതിരെ കേസെടുക്കുമെന്ന് തെര. കമ്മീഷന്‍

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പിലെ പണമിടപാടുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ നിര്‍ദ്ദേശം. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി, ആരോഗ്യമന്ത്രി സി. വിജയഭാസ്‌കര്‍, അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടിടിവി ദിനകരന്‍ തുടങ്ങിയവര്‍ക്കെതിരെ എഫ്ഐആര്‍ ചുമത്താനാണ് കമ്മിഷന്റെ നിര്‍ദ്ദേശം.

മന്ത്രിമാരും എംപിയും വഴി 89 കോടി രൂപ ശശികല പക്ഷമായ അണ്ണാ ഡിഎംകെ (അമ്മ) മണ്ഡലത്തില്‍ വിതരണം ചെയ്തതായുള്ള രേഖകള്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

സംസ്ഥാന ആരോഗ്യമന്ത്രി വിജയഭാസ്‌കറുമായി ബന്ധപ്പെട്ട അന്‍പതോളം കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിന്റെ വിശദാംശങ്ങള്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (സിബിഡിടി) തെരഞ്ഞെടുപ്പു കമ്മിഷനെ അറിയിച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി ഉള്‍പ്പെടെ അഞ്ചു മന്ത്രിമാരും ഒരു എംപിയും മുഖേന വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യാന്‍ പണം കൈമാറിയെന്നു വ്യക്തമാക്കുന്നതാണു പുറത്തായ രേഖകള്‍.

2.24 ലക്ഷം വോട്ടര്‍മാര്‍ക്ക് 4,000 രൂപവീതം നല്‍കാനായിരുന്നു പദ്ധതി. അതേസമയം, രേഖകളിലെ വിവരങ്ങള്‍ ആദായനികുതി വകുപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *