പനിക്കിടക്കയില്‍ കേരളം; സമരച്ചൂടില്‍ നഴ്‌സുമാര്‍

കേരളം പനിച്ചുവിറയ്ക്കുമ്പോള്‍ സംസ്ഥാനത്തെ സ്വകാര്യ നഴ്‌സുമാര്‍ സമരച്ചൂടില്‍. അര്‍ഹമായ വേതനം നേടിയെടുക്കാന്‍ നഴ്‌സുമാര്‍ ആരംഭിക്കുന്ന സമരം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. പനി നിയന്ത്രിക്കാന്‍ കഴിയുന്നില്ലെന്ന പേരില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം ആഞ്ഞടിക്കുന്നതിനിടയിലാണ് നഴ്‌സുമാരും സമരം ശക്തമാക്കുന്നത്. രോഗികള്‍ ക്രമാതീതമായി വര്‍ധിച്ചതോടെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമില്ലാതെ വീര്‍പ്പുമുട്ടുകയാണ് സര്‍ക്കാര്‍ ആശുപത്രികള്‍. ഈ സാഹചര്യത്തില്‍ സ്വകാര്യ മേഖലയിലെ സമരം രോഗികളെ ദുരിതത്തിലാക്കും. പനിബാധിതരെയാകും പ്രശ്‌നം കൂടുതല്‍ ബാധിക്കുക.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനുമായി 27ന് നടത്തുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ആരോഗ്യമേഖല അവതാളത്തിലാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ പരിധിയിലധികം രോഗികള്‍ നിലവിലുണ്ട്. എന്നാല്‍ രോഗികള്‍ക്ക് ആനുപാതികമായി ജീവനക്കാരുമില്ല. നീണ്ട ക്യൂവാണ് എല്ലാ ദിവസങ്ങളിലും മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഉണ്ടാവുന്നത്. ഈ സാഹചര്യത്തില്‍ സ്വകാര്യനഴ്‌സുമാരുടെ സമരം ശക്തമായാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണം നിയന്ത്രണാതീതമാകും. ഇത് മതിയായ ചികിത്സ കിട്ടുന്നതിന് തടസമാകും.
ചര്‍ച്ചയില്‍ സമവായമുണ്ടായില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നത് വരെ സമരം നടത്തുമെന്ന് യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജാസ്മിന്‍ ഷാ പറഞ്ഞു. നാളിതുവരെ നഴ്‌സുമാരുടെ പ്രശ്‌നത്തില്‍ മാനേജ്‌മെന്റ് മുഖംതിരിച്ച് നില്‍ക്കുകയായിരുന്നു. അര്‍ഹമായ വേതനം പോലുംലഭിക്കാതെ നഴ്‌സുമാര്‍ ജോലി ചെയ്യുമ്പോള്‍ കൊള്ള ലാഭം കൊയ്യുകയാണ് ആശുപത്രി മാനേജ്‌മെന്റുകള്‍. ദിവസം 300 രൂപ ദിവസ വേതനം ലഭിക്കുന്ന മേഖല വേറെയേതുണ്ടെന്നും അദ്ദേഹം ചോദിച്ചു.
പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന വിശ്വാസത്തിലാണ് തങ്ങള്‍. ദിവസക്കൂലി ആയിരം രൂപയാക്കണമെന്നതായിരുന്നു അസോസിയേഷന്റെ ആദ്യ വ്യവസ്ഥ. എന്നാല്‍ ഞങ്ങള്‍ വിട്ടുവീഴ്ച്ചയ്ക്ക് തയാറായിട്ടുണ്ട്. മാസം 20000 രൂപ ശമ്പളം ഇനത്തില്‍ നല്‍കിയാല്‍ മതിയെന്ന നിലപാട് അസോസിയേഷന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ട്രഷറര്‍ ബിബിന്‍ എന്‍. പോള്‍ പറഞ്ഞു. ബലരാമന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുപോലും നിലവില്‍ നടപ്പാക്കാത്ത ആശുപത്രി മാനേജ്‌മെന്റ് നിലവിലെ ആവശ്യം അംഗീകരിക്കുമോയെന്നതാണ് ഇപ്പോഴത്തെ പ്രശ്‌നം. മാനേജ്‌മെന്റുകള്‍ പിടിവാശി അവസാനിപ്പിച്ച് കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *