മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു

തിരുവനന്തപുരം: അട്ടപ്പാടി വനത്തില്‍ മാവോയിസ്റ്റുകളെന്ന പേരില്‍ നാലുപേരെ പൊലീസ് വെടിവച്ച്‌ കൊന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമീഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നോട്ടീസയച്ചു. നാലു പേരെ വെടിവച്ചു കൊല്ലാനുണ്ടായ സാഹചര്യത്തെ കുറിച്ച്‌ വിശദമായ അന്വേഷണം നേരിട്ട് നടത്തി സംസ്ഥാന പൊലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

കേസ് നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും. കൊലപാതകം നടന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണ്. ഒരു സ്ത്രീ ഉള്‍പ്പെടെ നാലു പേരെ കണ്ട മാത്രയില്‍ വെടിവെക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ വിശദീകരിച്ചിട്ടില്ല.രാജ്യത്തുള്ള പൗരന്‍മാര്‍ക്കെല്ലാം ജീവിക്കാനുളള അവകാശം ഇന്ത്യന്‍ ഭരണഘടന വകവെച്ചു നല്‍കുന്നുണ്ട്. പൊലീസ് ഉള്‍പ്പെടെ ആര്‍ക്കും പ്രസ്തുത അവകാശം കവര്‍ന്നെടുക്കാനുള്ള അധികാരമില്ല.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പൊലീസ് ഉള്‍പ്പെടെയുള്ള ആരുടെയും ബാഹ്യ ഇടപെടല്‍ കൂടാതെ മാന്യമായി ജീവിക്കാനുള്ള അവകാശം ഓരോ പൗരനും വാഗ്ദാനം ചെയ്യുന്നുണ്ട്. നിയമത്തിന്‍റെ ഇടപെടലിലൂടെ മാത്രമേ ഇതില്‍ ബാഹ്യ ഇടപെടലിന് കഴിയുകയുള്ളു.മാവോയിസ്റ്റാണെന്ന സംശയത്തില്‍ നാലു പേരുടെ ജീവന്‍ കവരാനുള്ള അധികാരം പൊലീസിനില്ലെന്നും കമീഷന്‍ ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *