ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനൊപ്പം ചേരാന്‍ തയ്യാറാണോ? സിപിഎമ്മിനെ സ്വാഗതം ചെയ്ത് മന്‍മോഹന്‍ സിങ്

മൂന്നര വര്‍ഷക്കാലത്തെ നരേന്ദ്ര മോഡിയുടെ ഭരണം ദുരിതവും കഷ്ടപ്പാടും മാത്രമാണ് ജനങ്ങള്‍ക്ക് സമ്മാനിച്ചതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നല്‍കിയ സ്വീകരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കറന്‍സി നിരോധനം ചരിത്രപരമായ മണ്ടത്തരമാണ്. ഈ സാഹസം കര്‍ഷകരെയും ചെറുകിട വ്യാപാരികളെയും വ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കി. ഇതിന് പിന്നാലെ ജി എസ് ടി നടപ്പാക്കിയത് ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി അദ്ദേഹം പറഞ്ഞു.
തൊഴിലില്ലായ്മയും വിലക്കയറ്റവും വര്‍ധിക്കുന്നു. കഴിഞ്ഞ മൂന്നരവര്‍ഷമായി ബിജെപി മതേതരത്വ ജനാധിപത്യ മൂല്യങ്ങളെ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. ഈ വിഭജന ശക്തികള്‍ക്കെതിരായി കോണ്‍ഗ്രസ് ശക്തമായി പോരാടുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേരളത്തിനുവേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കി. കൊച്ചി റിഫൈനറിയിലെ 15000 കോടിയുടെ ഇന്റഗ്രേറ്റഡ് പെട്രോ കെമിക്കല്‍ കോംപ്ലക്സ്, 4200 കോടിരൂപയുടെ എല്‍എന്‍ജി ടെര്‍മിനല്‍ പദ്ധതി, കൊച്ചി മെട്രോ, 7000 കോടിയുടെ ഗെയില്‍ ഗ്യാസ് പദ്ധതി, വല്ലാര്‍പാടം ഇന്റര്‍നാഷണല്‍ ടെര്‍മിനല്‍, കൊച്ചി കപ്പല്‍ശാലയുടെ നവീകരണ പദ്ധതികള്‍ തുടങ്ങി നിരവധി പദ്ധതികള്‍ ചൂണ്ടിക്കാണിക്കാനാവും. വിവിധ മതജാതി വിഭാഗങ്ങളെ ഒരു പോലെ സ്വാഗതം ചെയ്യുന്ന മഹത്തായ പാരമ്ബര്യവും സംസ്കാരവുമാണ് ഇന്ത്യക്കുള്ളത്. മതസൗഹാര്‍ദം എന്നും ആഗ്രഹിക്കുന്ന നാം എന്തു കഴിക്കണമെന്നോ, ഏതുവസ്ത്രം ധരിക്കണമെന്നോ ആരെയും അടിച്ചേല്‍പ്പിച്ചിട്ടില്ല, അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന ജനവിരുദ്ധ ബിജെപി നയങ്ങളോടുള്ള സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും എതിര്‍പ്പ്, ആത്മാര്‍ഥതയുള്ളതാണെങ്കില്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഹകരിച്ച്‌ യോജിച്ച പോരാട്ടത്തിന് അവര്‍ തയ്യാറാകണമെന്ന് മന്‍മോഹന്‍ പറഞ്ഞു.
കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ചും ജനവിരുദ്ധ നടപടികള്‍ കൈക്കൊണ്ടും രാജ്യത്തെ പിന്നോട്ട് നയിച്ചുകൊണ്ടിരിക്കുകയാണ്. ബിജെപിക്കെതിരെ ഒന്നിച്ച്‌ നില്‍ക്കാന്‍ സിപിഎമ്മും ഇടത് മുന്നണിയും തയ്യാറുണ്ടോ? അതോ ബിജെപിയെയും കോണ്‍ഗ്രസിനെയും സമദൂരത്തില്‍ നിര്‍ത്താനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്മന്‍മോഹന്‍ സിംഗ് ആരാഞ്ഞു. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഭരണത്തെ സംബന്ധിച്ച്‌ വിലയിരുത്താന്‍ ഇതൊരു ചെറിയ കാലം മാത്രമാണെങ്കിലും സംസ്ഥാനത്തെ നിയമവാഴ്ച തകിടം മറിഞ്ഞിരിക്കുകയാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *