അപ്രതീക്ഷിതമായി മന്ത്രി ജി സുധാകരന്റെ മിന്നല്‍ പരിശോധന ; 11 ല്‍ എട്ടു മുറിയും ആഡംബര ഹോട്ടലിന് നല്‍കി ; മൂന്നാര്‍ ഗസ്റ്റ് ഹൗസ് കുടുങ്ങി


അപ്രതീക്ഷിതമായി മന്ത്രി മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയത് പൊതുമരാമത്തു വകുപ്പ് റെസ്റ്റ് ഹൗസിലെ മുറികള്‍ സമീപത്തെ ആഡംബര ഹോട്ടലുകള്‍ കയ്യടക്കി വെച്ചിരിക്കുന്നത്. കൊച്ചി-ധനുഷ്കോടി ദേശീയപാതയുടെ നിര്‍മാണ ഉദ്ഘാടനുമായി ബന്ധപെട്ട് മൂന്നാറിലെത്തിയ മന്ത്രി ജി. സുധാകരന്റെ മിന്നല്‍പരിശോധനയിലാണ് റെസ്റ്റ് ഹൗസ് അധികൃതര്‍ കുടുങ്ങിയത്.
കെട്ടിടത്തില്‍ മൂന്ന് മുറികള്‍ മാത്രമാണ് റെസ്റ്റ് ഹൗസിനുള്ളത്. ബാക്കി എല്ലാ മുറികളും സ്വകാര്യ ഹോട്ടലായ മെര്‍മെയ്ഡ് െകെയടക്കിവച്ചിരിക്കുന്നതായിട്ടാണ് പരിശോധനയില്‍ കണ്ടെത്തിയത്. ആകെയുള്ള 11 മുറികളില്‍ എട്ടെണ്ണം 2002 മുതല്‍ 2032 വരെ മലയാളം ഇന്റസ്ട്രീസ് ലിമിറ്റഡിന് (ഇപ്പോള്‍ മെര്‍മെയ്ഡ് ഹോട്ടല്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നു) ലീസിന് നല്‍കിയിരുന്നു. ബാക്കിയുള്ള മൂന്നു മുറികള്‍ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസായാണ് പ്രവര്‍ത്തിക്കേണ്ടത്. എന്നാല്‍ ഈ മുറികളും മെര്‍മെയ്ഡ് ഹോട്ടലിന്റെ െകെവശത്തിലാണെന്ന് മന്ത്രി കണ്ടെത്തി.
ഹോട്ടലിന്റെ ഓഫീസില്‍നിന്നു പി.ഡബ്ല്യു.ഡി. രജിസ്റ്റര്‍ മന്ത്രി കണ്ടെത്തുകയും ചെയ്തു. മന്ത്രി രജിസ്റ്ററുകള്‍ വിശദമായി പരിശോധിച്ചു. ക്രമക്കേട് കണ്ടെത്തിയതോടെ ഉദ്യോഗസ്ഥര്‍ക്കെതിരേ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ മന്ത്രി പോലീസിന് നിര്‍ദേശം നല്‍കി. റെസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാരും ഉണ്ടായിരുന്നില്ല. കണ്‍ട്രോളിങ് ഓഫീസര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് കത്ത് നല്‍കിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് പോലീസ് അറിയിച്ചു.




Sharing is Caring