മെഡിക്കല്‍ കോഴ: മുന്‍ ഹൈക്കോടതി ജഡ്ജിക്കെതിരേ കേസ്


മെഡിക്കല്‍ കോഴയുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്ന മുന്‍ ഒറീസ ഹൈക്കോടതി ജഡജി ഐ.എം ഖുദ്ദൂസിക്കെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസെടുത്തു. ഖുദ്ദൂസിയടക്കം ആറ് പേര്‍ക്കെതിരേയാണ് കേസ്. സി.ബി.ഐ സമര്‍പ്പിച്ച എഫ്.ഐ.ആര്‍ പ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അനുവാദമില്ലാത്ത ലക്നൗ ആസ്ഥാനമായുള്ള പ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് കോടതിയെ സ്വാധീനിച്ച്‌ അനുമതി വാങ്ങിത്തരാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.
കഴിഞ്ഞ സെപ്തംബര്‍ 20 ന് ഖുദ്ദൂസിയെയും സംഘത്തെയും സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങിയിരുന്നു. ഖുദ്ദുസിയെ ഒന്നാം പ്രതിയാക്കിയായിരുന്നു കേസെടുത്തിരുന്നത്. തുടര്‍ന്ന് ഇവരുടെ താമസസ്ഥലങ്ങളിലും മറ്റും സി.ബി.ഐ പരിശോധന നടത്തുകയും ചെയ്തു.
ഖുദ്ദൂസിയും സംഘവും മെഡിക്കല്‍ കോളേജ് അനുമതിക്കായി സ്വകാര്യ മെഡിക്കല്‍ കോളേജ് അധികൃതരോട് മൂന്ന് കോടി ആവശ്യപ്പെട്ടതായി അന്വേഷണ സംഘം വെളിപ്പെടുത്തി. അഴിമതിയുമായി ബന്ധപ്പെട്ട് എണ്‍പത് ഫോണ്‍ രേഖകളും സി.ബി.ഐ ഹാജരാക്കിയിരുന്നു. കൂടാതെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ 1.86 കോടി രൂപയും രേഖകളും പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
അറസ്റ്റിലായി ജാമ്യം നേടിയ ശേഷം ഖുദ്ദുസിയെ സി.ബി.ഐ രണ്ട് തവണ വീണ്ടും ചോദ്യം ചെ്യ്തിരുന്നു. ഇയാള്‍ക്കൊപ്പം അഴിമതിക്ക് കൂട്ടുനിന്നുവെന്ന് കണ്ടെത്തിയ സ്വകാര്യ മെഡിക്കല്‍ കോളേജ് ഉടമകളായ ബി.പി യാദവ്, പലാഷ് യാദവ് എന്നിവരെയും ഇടനിലക്കാരായ ബിശ്വന്ത് അഗ്രവാള്‍, രാംദേവ് സരസ്വത് എന്നിവരെയുമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.




Sharing is Caring