ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍

ചേര്‍ത്തല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ വൈദികന്‍ മരിച്ചു. ഫാദര്‍ കുര്യാക്കോസ് കാട്ടുതറ(60) യാണ് ജലന്ധറില്‍ മരിച്ചത്. വൈദികന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വൈദികന്റെ സഹോദരന്‍ ചേര്‍ത്തല ഡിവൈഎസ്പിക്ക് പരാതി നല്‍കി.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇപ്പോള്‍ ജലന്ധറിലാണ്.

ഭോഗ്പുരിലെ പള്ളിയിലെ സ്വന്തം മുറിയിൽ മരിച്ച നിലയിലാണ് ഫാ. കുര്യാക്കോസിനെ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ഒരുവിഭാഗം വൈദികരും ബന്ധുക്കളും ആരോപിച്ചിട്ടുണ്ട്. ഫാ. കുര്യാക്കോസ് കാട്ടുതറയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയിരിക്കുകയായിരുന്നു.

ബിഷപ്പിനെതിരെ പരാതി ഉന്നയിച്ച കന്യാസ്ത്രീയ്ക്ക് ഫാ. കുര്യാക്കോസ് സഹായങ്ങള്‍ നല്‍കുകയും ബിഷപ്പിനെതിരെ ശക്തമായ നിലപാടെടുക്കുകയും ചെയ്തിരുന്നു. ബിഷപ്പിനെതിരെ അദ്ദേഹം മൊഴി നല്‍കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന് ഗുണ്ടകളുടെ ഭീഷണിയുണ്ടായിരുന്നെന്നും താമസസ്ഥലത്തിനു നേരെ കല്ലെറിയുകയും വാഹനം തല്ലിപ്പൊളിക്കുകയും ചെയ്തിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു.

മുമ്പ് കന്യാസ്ത്രീകളുടെ വൊക്കേഷണല്‍ ട്രെയിനര്‍ കൂടിയായിരുന്ന തന്നോട് കന്യാസ്ത്രീകള്‍ പലതവണ ബിഷപ്പിനെതിരെ പരാതിപ്പെട്ടിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു. രൂപതയുടെ കീഴില്‍ കന്യാസ്ത്രീകള്‍ക്കായി മിഷണറീസ് ഓഫ് ജീസസ് സ്ഥാപിച്ച മുന്‍ ബിഷപ്പ് സിംഫോറിയന്‍ കീപ്പുറത്തിനൊപ്പം പ്രവര്‍ത്തിച്ച വൈദികന്‍ കൂടിയാണ് ഫാ. കുര്യാക്കോസ് കാട്ടുതറ. ആലപ്പുഴ പള്ളിപ്പുറം സ്വദേശിയാണ്.

കന്യാസ്ത്രീയുടെ പരാതി വിവാദമായ ശേഷം വൈദികനെ സ്ഥലംമാറ്റിയിരുന്നു. കഴിഞ്ഞ മേയിലായിരുന്നു സ്ഥലംമാറ്റം.

കുര്യാക്കോസ് കാട്ടുതറയെ കൊന്നതാണെന്ന് സഹോദരന്‍ ജോസ് ആരോപിച്ചു. ഫാദര്‍ കാട്ടുതറയ്ക്ക് ഗുണ്ടകളുടെ ഭീഷണി ഉണ്ടായിരുന്നുവെന്നും ജോസ് പറഞ്ഞു.കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു ഫാദര്‍. തന്നെ എല്ലാ തരത്തിലും ഒറ്റപ്പെടുത്തിയെന്ന് ഫാദര്‍ പറഞ്ഞിരുന്നതായും സഹോദരന്‍ പറഞ്ഞു. കഴിഞ്ഞ ദിവസവും ഫാദറിന്റെ വീടിന് നേരെ കല്ലെറുണ്ടായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *