ബിന്ദുവിന് സുരക്ഷ നല്‍കില്ലെന്ന് പോലീസ്

കോട്ടയം: ശബരിമല കയറണമെന്ന് ആവശ്യപ്പെട്ട് എരുമേലി സ്റ്റേഷനില്‍ സുരക്ഷ തേടിയെത്തിയ കോട്ടയം കറുകച്ചാല്‍ സ്വദേശിനി ബിന്ദുവിന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് ഇവര്‍ മലചവിട്ടാന്‍ പോലീസ് സംരക്ഷണം തേടി എരുമേലി സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരേ സ്റ്റേഷന്‍ പരിസരത്ത് പ്രതിഷേധക്കാര്‍ ഒത്തുകൂടി. ഇതോടെ ഇവരെ പോലീസ് വാഹനത്തില്‍ മുണ്ടക്കയം സ്റ്റേഷനിലേക്ക് മാറ്റി.

ഇരുമുടി കെട്ടില്ലാതെ എത്തിയ ബിന്ദു സുരക്ഷ ആവശ്യപ്പെട്ടതിന് പിന്നാലെ പോലീസ് ഇവരുടെ പശ്ചാത്തലം അന്വേഷിച്ചുവെന്നാണ് വിവരം. ഇതിന് ശേഷമാണ് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന നിലപാട് യുവതിയെ അറിയിച്ചത്. തുലാമാസ പൂജകള്‍ പൂര്‍ത്തിയാക്കി ഇന്ന് വൈകിട്ട് ശബരിമല നട അടയ്ക്കും. ഇതിന് മുന്നോടിയായി ഇനിയും യുവതികള്‍ മലകയറാന്‍ എത്തുമോ എന്ന സംശയത്തിലാണ് പോലീസ്.

അതിനിടെ നടയടയ്ക്കുന്നതിന് മുന്നോടിയായി ശബരിമലയില്‍ തന്പടിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ സന്നിധാനത്തും കാനനപാതയിലും സുരക്ഷ ജോലികള്‍ നിര്‍വഹിക്കുന്നതിനാല്‍ സംരക്ഷണം നല്‍കാന്‍ കഴിയില്ലെന്നും മാധ്യമപ്രവര്‍ത്തകരെ പോലീസ് അറിയിച്ചിട്ടുണ്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ് കണക്കിലെടുത്ത് പന്പയിലും സന്നിധാനത്തും നിലയ്ക്കലിലും പോലീസ് കനത്ത ജാഗ്രത പാലിക്കുന്നുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *