തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്ന ബിജെപി; ബിഡിജെഎസ് തീരുമാനം ഇന്ന്

തിരുവനന്തപുരം: ജയസാധ്യതയുള്ള സീറ്റ് നല്‍കണമെങ്കില്‍ തുഷാര്‍ വെള്ളാപ്പള്ളി തന്നെ മത്സരിക്കണമെന്ന ബിജെപി നിര്‍ദ്ദേശം ഇന്ന് ചേരുന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ ചര്‍ച്ച ചെയ്യും. ആറ് സീറ്റെങ്കിലും ഇല്ലാതെ പറ്റില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പാര്‍ട്ടി. തുഷാറിന്‍റെ സ്ഥാനാര്‍ത്ഥിത്വവും ബിജെപി-ബിഡിജെഎസ് തര്‍ക്കത്തിന്‍റെ ഒരു പ്രധാന കാരണമാണ്.

എട്ട് സീറ്റുകളാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്. ഈ എട്ടിലൊന്ന് ജയസാധ്യത മുന്‍നിര്‍ത്തി ബിജെപി മുന്‍ഗണന കൊടുക്കുന്ന എ പ്ലസ് മണ്ഡലങ്ങളിലൊന്നാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നിവയിലൊന്നെങ്കിലും വേണമെന്നാണ് ആവശ്യം. തിരുവനന്തപുരത്തിലും പത്തനംതിട്ടയിലും ബിജെപി വിട്ടുവീഴ്ചക്കില്ല, എന്നാല്‍ തുഷാര്‍ ഇറങ്ങിയാല്‍ തൃശൂരോ പാലക്കോടോ, കോഴിക്കോടോ തരാമെന്നാണ് ബിജെപി വച്ച നിര്‍ദ്ദേശം.
ബിജെപി തൃശൂര്‍ ജില്ലാ ഘടകമാകട്ടെ കെ.സുരേന്ദ്രനു വേണ്ടി ശക്തമായി സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്. എന്നാല്‍ തുഷാര്‍ ആകട്ടെ മത്സരിക്കാന്‍ ഇതുവരെ സമ്മതം മൂളിയിട്ടില്ല. സ്പൈസസ് ബോര്‍ഡ് ചെയര്‍മാനും ബിഡിജെഎസ് ജനറല്‍ സെക്രട്ടറിയുമായ സുഭാഷ് വാസുവും സ്ഥാനാര്‍ത്ഥിയാകാന്‍ ഇല്ലെന്ന നിലപാടിലാണ്.

നേതാക്കള്‍ ഇല്ലെങ്കില്‍ പിന്നെ എ പ്ലസ് പോയിട്ടും കൂടുതല്‍ സീറ്റുപോലും കൊടുക്കേണ്ടെന്ന നിലപാടുള്ളവരും ബിജെപിയിലുണ്ട്. ബിജെപി കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ബിഡിജെഎസിനെ ചേര്‍ത്ത് എന്‍ഡിഎ ഉണ്ടാക്കുന്നത്. അത് കൊണ്ട് തന്നെ സീറ്റ് വിഭജനതര്‍ക്കത്തില്‍ ദേശീയ നേതൃത്വം തന്നെയായിരിക്കും അന്തിമതീരുമാനം എടുക്കുക.

അതിനിടെ ബിഡിജെഎസില്‍ പലകാര്യങ്ങളിലും ഭിന്നതയും നിലനില്‍ക്കുന്നുണ്ട്. വനിതാ മതിലിലടക്കം തുഷാറിന്‍റെ പല നിലപാടുകളോടും വൈസ് ചെയര്‍മാന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരിപ്പാടിന് എതിര്‍പ്പുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *