മൂന്നാമത് ടിഎന്‍ജി പുരസ്കാരം ഇന്ന് സമ്മാനിക്കും

തിരുവനന്തപുരം: പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റ‍ര്‍ ഇന്‍ ചീഫുമായിരുന്ന ടി എന്‍ ഗോപകുമാറിന്‍റെ സ്മരണാര്‍ത്ഥം ഏഷ്യാനെറ്റ് ന്യൂസ് നല്‍കുന്ന മൂന്നാമത് ടിഎന്‍ജി പുരസ്കാരം ഇന്ന് സമ്മാനിക്കും. വൈകീട്ട് 5 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ലിനിയുടെ ഭര്‍ത്താവും കുഞ്ഞുങ്ങളും അവാര്‍ഡ് ഏറ്റുവാങ്ങും.

സമൂഹമനസ്സിനെ തൊട്ട വാര്‍ത്തകളിലൂടെ കേരളത്തില്‍ തലയെടുപ്പോടെ നിന്ന മാധ്യമപ്രവര്‍ത്തകന്‍. വാര്‍ത്തകള്‍ക്കൊപ്പം നടക്കാന്‍ ടിഎന്‍ജി ഇല്ലാതായിട്ട് ഈന്ന് മൂന്ന് വര്‍ഷം കഴിയുന്നു. സാമൂഹിക സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുന്ന വ്യക്തികള്‍ക്കോ സംഘടനകള്‍ക്കോ ഏഷ്യാനെറ്റ് ന്യൂസ് ടിഎന്‍ജിയുടെ സ്മരണാര്‍ത്ഥം നല്‍കുന്നതാണ് ടിഎന്‍ജി പുരസ്കാരം. സാന്ത്വന ചികിത്സാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ഡോ. എം.ആര്‍. രാജഗോപാല്‍, സ്വന്തം വയ്യായ്കകള്‍ മറന്ന് തന്നേക്കാള്‍ ദൈന്യത അനുഭവിക്കുന്നവരെ സഹായിക്കാന്‍ കാസര്‍കോട് ന്യൂ മലബാര്‍ പുനരധിവാ കേന്ദ്രം നടത്തുന്ന എം.എം. ചാക്കോ എന്നിവര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളില്‍ അവാര്‍ഡ്.

നിപ്പ ബാധിതരെ ശുശ്രൂഷിച്ച്‌ വൈറസ് ബാധയേറ്റ് മരണത്തിന് കീഴടങ്ങിയ നഴ്സ് ലിനിയാണ് ഇത്തവണത്തെ ജേതാവ്. ലിനി ആദരിക്കപ്പെടുന്നതിലൂടെ കേരളത്തിലെ ആതുരസേവന രംഗമാണ് ആദരിക്കപ്പെടുന്നത്. മുന്‍ ചീഫ് സെക്രട്ടറി എസ്‌എം വിജയാനന്ദ്, മുന്‍ അഡി ചീഫ് സെക്രട്ടറി ലിഡ ജേക്കബ്, സംരംഭകന്‍ സി ബാലഗോപാല്‍ എന്നിവര്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്ന് പ്രേക്ഷകരാണ് വോട്ടെടുപ്പിലൂടെ ലിനിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്.

വൈകീട്ട് അഞ്ച് മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ലിനിയുടെ ഭര്‍ത്താവ് സജീഷും മക്കളും സ്പീക്കര്‍ ശ്രീരാമകൃഷ്ണനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങും. എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ പ്രസിഡന്റ് ശേഖര്‍ ഗുപ്ത് ചടങ്ങില്‍ മാധ്യമങ്ങളുടെ വര്‍ത്തമാനം എന്ന വിഷയത്തെക്കുറിച്ച്‌ സംസാരിക്കും. പ്രശസ്ത ചലച്ചിത്ര കാരന്‍ ടി വി ചന്ദ്രന്‍ ടി എന്‍ ജി അനുസ്മരണ പ്രഭാഷണം നടത്തും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *