കസ്റ്റഡിമരണങ്ങളില്‍ ശക്തമായ നടപടി കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കസ്റ്റഡി മരണങ്ങളില്‍ ശക്തമായ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുറ്റക്കാര്‍ ആരായാലും സംരക്ഷിക്കില്ലെന്നും കസ്റ്റഡി മരണങ്ങളുടെ പേരില്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരും ശ്രമിക്കേണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇത്തരം കേസുകളില്‍ ഉന്നതതല അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കി ശ്രീജിത്തിന്റെ കസ്റ്റഡിമരണത്തില്‍ പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറിയുടെ നിലപാട് തള്ളി മകന്‍ ശരത് രംഗത്തെത്തിയിരുന്നു.

പരമേശ്വരന്‍ ശ്രീജിത്തിനെതിരെ മൊഴി നല്‍കിയിട്ടില്ലെന്ന് മകന്‍ പറഞ്ഞു. മൊഴി നല്‍കിയെന്ന് പരമേശ്വരന്‍ മാറ്റിപ്പറഞ്ഞത് പാര്‍ട്ടി സമ്മര്‍ദ്ദം മൂലമാണെന്നും സി.പി.ഐ.എം ഏരിയാ കമ്മറ്റി അംഗത്തിന്റെ വീട്ടില്‍ വെച്ച്‌ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണ് വെളിപ്പെടുത്തല്‍.ശ്രീജിത്തിനെതിരായി മൊഴി നല്‍കില്ലെന്നായിരുന്നു പരമേശ്വരന്‍ ചൊവ്വാഴ്ച വരെ നിലപാടെടുത്തിരുന്നത്. എന്നാല്‍ പോലീസ് കുടുങ്ങിയ സാഹചര്യത്തില്‍ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ വീട്ടില്‍വെച്ച്‌ സമ്മര്‍ദം ചെലുത്തി മൊഴി മാറ്റിക്കുകയായിരുന്നെന്ന് ശരത് ആരോപിച്ചു.

ശ്രീജിത്തിനെ സംഭവസ്ഥലത്തു കണ്ടെന്ന പോലീസ് മൊഴി അന്നുതന്നെ അച്ഛന്‍ നിഷേധിച്ചതാണ്. സംഭവസമയത്ത് അച്ഛന്‍ മാര്‍ക്കറ്റില്‍ ലോഡിങ് ജോലിയില്‍ നില്‍ക്കുകയായിരുന്നെന്നും ശരത്ത് പറയുന്നു. പിന്നീട് പാര്‍ട്ടിക്കാര്‍ വന്നു അച്ഛനുമായി സംസാരിച്ച ശേഷമാണ് മൊഴിമാറ്റിയതെന്നും ശരത് പറയുന്നു.
ആദ്യം സഖാവ് ഡെന്നിയും ലോക്കല്‍ കമ്മിറ്റിയംഗം കെ.ജെ തോമസും അച്ഛനെ വീട്ടില്‍ വന്നു കൊണ്ടുപോയി. അതിനുശേഷമാണ് അച്ഛന്‍ മൊഴിമാറ്റിയതെന്നും ശരത് വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *