പ്രധാനമന്ത്രിയടക്കമുള്ള ബിജെപി എംപിമാരുടെ ഉപവാസം തുടരുന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്റ് സ്തംഭനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി എംപിമാരുടെ ഉപവാസം തുടരുന്നു. പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ആദ്യ പ്രതിഷേധ പരിപാടിയായിരുന്നു ഇത്. പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം പൂര്‍ണമായും തടസ്സപ്പെട്ടെന്ന് ആരോപിച്ചാണ് പ്രതിഷേധം. ബിജെപിയുടെ ലോക്‌സഭാ എംപിമാര്‍ സ്വന്തം മണ്ഡലങ്ങളിലും രാജ്യസഭാ എംപിമാര്‍ സംസ്ഥാന കേന്ദ്രങ്ങളിലും ഉപവസിച്ചു.
കാഞ്ചീപുരത്ത് പ്രതിരോധ മന്ത്രാലയത്തിന്റെ പ്രദര്‍ശനോദ്ഘാടനം ഉള്‍പ്പടെയുള്ള ഔദ്യോഗിക പരിപാടികള്‍ മുടക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉപവസിച്ചു.

തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ഹുബ്ലിയില്‍ കളക്ടറേറ്റിന് മുന്നില്‍ ഒരു മണിക്കൂര്‍ ധര്‍ണ നടത്തിയായിരുന്നു അമിത് ഷായുടെ പ്രതിഷേധം. ഡല്‍ഹി കോണാട്ട്‌പ്ലേസില്‍ ഹനുമാന്‍ മന്ദിറിന് മുന്നിലെ പ്രതിഷേധത്തില്‍ കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, മേനകാ ഗാന്ധി, ഉഭാഭാരതി, വിജയ് ഗോയല്‍ എന്നിവര്‍ പങ്കെടുത്തു.

സംഘപരിവാര്‍ നേതാക്കളായ ശ്യാമപ്രസാദ് മുഖര്‍ജിയുടേയും ദീന്‍ധയാല്‍ ഉപാധ്യയുടേയും ചിത്രത്തിനൊപ്പം ബിആര്‍ അംബേദ്കറുടെ ചിത്രവും ഉപവാസ വേദിയില്‍ ഇടം പിടിച്ചു.

ഉപവസിക്കുന്നവര്‍ സെല്‍ഫിയെടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യുന്നത് ബിജെപി വിലക്കിയിരുന്നു. ബിജെപിയുടെ ഫോട്ടോ സെക്ഷന്‍ എന്നാണ് ഉപവാസ സമരത്തെ കോണ്‍ഗ്രസ് പരിഹസിച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *