ഡിഫന്‍സ് എക്‌സ്‌പോയില്‍ മോദി; തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിഫന്‍സ് എക്‌സ്‌പോയില്‍ എത്തിയപ്പോള്‍ തമിഴ്‌നാട്ടിലെങ്ങും പ്രതിഷേധം. കാവേരി വിഷയത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്‌റെ മൗനത്തിനെതിരെയാണ് തമിഴ്‌നാട്ടില്‍ വന്‍ പ്രതിഷേധമുയര്‍ന്നത്. കറുത്ത ബലൂണും കരിങ്കോടിയുമായി നിരവധി സംഘടനകളാണ് പ്രതിഷേധ പ്രകടനവുമായി എത്തിയത്. ആലന്ദൂര്‍ ഭാഗത്ത് പ്രകടനം നടത്തിയതിന് തമിഴ്‌ വാഴ്‌മുറൈ കക്ഷി നേതാവ് വേല്‍മുരുകനേയും ഒപ്പമെത്തിയ പ്രവര്‍ത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തമിഴ്‌നാട്ടിലെങ്ങും കാവേരി പ്രശ്‌നം നിലനില്‍ക്കുന്നതിനാല്‍ വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് മോദി ചെന്നൈയിലെത്തിയത്.

തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമി വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു. മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം (എംഡിഎംകെ) നേതാവ് വൈക്കോയും മറ്റു നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ സംഘം രാജ്ഭവനു മുന്‍പില്‍ പ്രതിഷേധ പ്രകടനം നടത്തി. 150 വിദേശ കമ്പനികളും 500ല്‍ അധികം ഇന്ത്യന്‍ കമ്പനികളും ഡിഫന്‍സ് എക്‌സ്‌പോയില്‍ എത്തിയതില്‍ തനിക്ക് ഏറെ അത്ഭുതം തോന്നുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

സമാധാനത്തിനു വേണ്ടി ആഗ്രഹിക്കുന്നതുപോലെ തന്നെ ജനങ്ങളുടെ സുരക്ഷയ്ക്കും രാജ്യം തുല്യപ്രാധാന്യം നല്‍കുന്നുണ്ട്. അതിനാല്‍ സൈന്യത്തെ സര്‍വ്വ സജ്ജരാക്കുന്നതിനുള്ള നടപടികളെടുക്കും. സ്വതന്ത്ര പ്രതിരോധ സമുച്ചയം എന്ന ആശയം അതിന്‌റെ ഭാഗമായാണ് രൂപപെട്ടത്. അടിയന്തര ആവശ്യങ്ങള്‍ നടത്തുന്നതിനൊപ്പം 110 യുദ്ധവിമാനങ്ങള്‍ വാങ്ങാനുള്ള നടപടികള്‍ ആരംഭിച്ചെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.

പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനും ഡിഫന്‍സ് എക്‌സ്‌പോയില്‍ പ്രസംഗിച്ചു. എക്‌സ്‌പോയില്‍ പങ്കെടുത്തവരില്‍ പകുതിയും ഇന്ത്യന്‍ നിര്‍മ്മാതാക്കളാണെന്നും ചെറുകിട, ഇടത്തരം വ്യവസായ മേഖലകളില്‍ നിന്നുള്ളവരാണ് ഇതില്‍ കൂടുതലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *