ഉന്നത ഉദ്യോഗസ്‌ഥര്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ നിയമവിരുദ്ധമായി മദ്യം വിളമ്പി

കൊച്ചിനഗരത്തിലെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഉന്നത ഉദ്യോഗസ്‌ഥര്‍ പങ്കെടുത്ത പാര്‍ട്ടിക്കിടെ നിയമവിരുദ്ധമായി മദ്യം വിളമ്പി. രഹസ്യവിവരത്തേത്തുടര്‍ന്ന്‌ എക്‌സൈസ്‌ സംഘം ഹോട്ടലില്‍ റെയ്‌ഡ്‌ നടത്തി മദ്യക്കുപ്പികള്‍ പിടിച്ചെടുത്തെങ്കിലും മന്ത്രി ഇടപെട്ട്‌ സംഭവം ഒതുക്കി. കൊച്ചി നഗരത്തിലെ ഒരു പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെയാണ്‌ സംഭവം.
ഷിപ്പിങ്‌ ക്ലിയറന്‍സ്‌ ഏജന്റ്‌സിന്റെ ഒരു സംഘടനയാണ്‌ ഹോട്ടലില്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്‌. പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ചെയര്‍മാനും കസ്‌റ്റംസ്‌ കമ്മിഷണറുമുള്‍പ്പെടെ ഒട്ടേറെ പ്രമുഖകര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു. 125 പേര്‍ പങ്കെടുത്ത പരിപാടി ഹോട്ടലിലെ കോണ്‍ഫറന്‍സ്‌ ഹാളില്‍വച്ചാണ്‌ സംഘടിപ്പിച്ചത്‌. ഹോട്ടലിന്‌ ബാര്‍ ലൈസന്‍സ്‌ ഉണ്ടെങ്കിലും കോണ്‍ഫറന്‍സ്‌ ഹാളില്‍ മദ്യവിതരണത്തിന്‌ എക്‌സൈസ്‌ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്‌. എന്നാല്‍, ഹോട്ടല്‍ അധികൃതര്‍ ഇതു പാലിച്ചില്ലെന്നാണ്‌ ആക്ഷേപം.
ഹോട്ടലിനു പുറമേനിന്നും വിലകൂടിയ മുന്തിയ ഇനം മദ്യക്കുപ്പികളും വൈനും ഹാളിലേക്ക്‌ എത്തിക്കുകയായിരുന്നത്രേ. ജില്ലയിലെ ഒരു മന്ത്രിയുടെ അടുത്ത സുഹൃത്തായ ക്ലിയറിങ്‌ ഏജന്റ്‌സ്‌ സംഘടനാ നേതാവായിരുന്നു പരിപാടിയുടെ സംഘാടകന്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *