കോഴിക്കോട്: പി സി ജോര്‍ജിനെതിരെ യൂത്ത്‌ലീഗ് രംഗത്ത്. മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ അഹമ്മദിന്റെ ആരോഗ്യം സംബന്ധിച്ച് പി സി ജോര്‍ജ് അഭിപ്രായം പറഞ്ഞതാണ് യൂത്ത്‌ലീഗിനെ ചൊടിപ്പിച്ചത്. ഇ അഹമ്മദ് സാഹിബിന് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം പിസി ജോര്‍ജ് വളര്‍ന്നിട്ടില്ലെന്ന് യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പിഎം സാദിഖലി പറഞ്ഞു.
കരളത്തിലെ ഏത് സ്ഥാനാര്‍ത്ഥിയേക്കാളും ആരോഗ്യവും ചുറുചുറുക്കും അഹമ്മദ് സാഹിബിനുണ്ട്. പി സി ജോര്‍ജിന്‍രെ അമിതാരോഗ്യമാണ് യഥാര്‍ത്ഥത്തില്‍ യു ഡി എഫ് രാഷ്ട്രീയത്തിന് ദോഷമെന്നും യു ഡി എഫിലെ ദുര്‍മേദസ്സാണ് പി സി ജോര്‍ജെന്നും സാദിഖലി പറഞ്ഞു. പി സി ജോര്‍ജിനെ കുറിച്ച് കേരളത്തിലെ ജനങ്ങള്‍ക്കറിയാം. ഉത്തരം താങ്ങുന്ന പല്ലിയെ പോലെയാണ് പലപ്പോഴും പി സി ജോര്‍ജ് അനാവശ്യമായി പ്രതികരിക്കുന്നത്. തന്റെ പ്രായത്തില്‍ അഹമ്മദ് സാഹിബ് കണ്ട ലോകത്തിന്റെ നാലയലത്ത് പോകാന്‍ പോലും കഴിഞ്ഞിട്ടില്ലാത്ത പിസി ജോര്‍ജ് നാവു മാത്രം ആയുധമാക്കിയത് കൊണ്ടാണ് ഈ വിധത്തില്‍ ചീര്‍ത്തിരിക്കുന്നത്. ആര്‍ക്കെതിരെയും എന്തും പറയുന്ന പി സി ജോര്‍ജ് മുസ്‌ലിം ലീഗിലെ ഒരു നേതാവിനെതിരെയും വായില്‍ തോന്നിയതൊക്കെ വിളിച്ച് പറയാമെന്ന് കരുതേണ്ടെന്നും സാദിഖലി മുന്നറിയിപ്പ് നല്‍കി.
കോണ്‍ഗ്രസും യൂത്ത്‌കോണ്‍ഗ്രസും കെ എസ് യുവും പി സി ജോര്‍ജിനെതിരെ നിരവധി അവസരങ്ങളില്‍ രംഗത്ത് വന്നിട്ടുണ്ടെങ്കിലും യൂത്ത്‌ലീഗ് ആദ്യമായാണ് പി സി ജോര്‍ജിനെതിരെ രംഗത്തു വരുന്നത്.
