കാസര്‍കോട്: കന്യകമാര്‍ നടത്തി വന്ന കാമപൂജയ്ക്ക് ഇന്ന് സമാപനം. ഒന്‍പതുനാള്‍ ഭക്തിയോടെ കാമപൂജ നടത്തി പൂരം കുളിച്ച് മാടം കയറി കാമദേവനെ യാത്രയാക്കുന്നതോടെ വടക്കന്‍ കേരളത്തിന്റെ വസന്തോല്‍സവം എന്നറിയപ്പെടുന്ന പൂരം ഇന്ന് സമാപിക്കും. പൂരക്കളിക്കും അതോടനുബന്ധിച്ച് നടന്നു വന്ന വിദ്വല്‍ സദസ്സായ മറത്തുകളിക്കും ഇതോടൊപ്പം സമാപനം കുറിക്കും. കൃഷിയുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ നിന്നുമാണ് മധ്യകേരളത്തിലെ പൂരോല്‍സവത്തില്‍ നിന്നും വ്യത്യസ്തമായി വടക്കന്‍ കേരളത്തില്‍ പൂരം ആഘോഷിച്ചു വരുന്നത്. ഒട്ടേറെ ഐതീഹ്യ പെരുമകള്‍ സ്വന്തമായുള്ള പൂരത്തിന് ഋതുമതികളായ കന്യകമാര്‍ നടത്തി വരുന്ന കാമപൂജയാണ് പ്രധാനം. നരയന്‍പൂവ്, ചെമ്പകം, മുരിക്ക് എരുക്ക് അതിരാണി ഇലഞ്ചി തുടങ്ങിയ പൂക്കളാണ് പൂജക്കായി ഉപയോഗിക്കുന്നത്. കാമദേവനെ പുനര്‍ജനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്നാണ് ഈ പൂജയുടെ പിന്നിലുള്ള ഐതീഹ്യം. കാര്‍ത്തിക നാളില്‍ തുടങ്ങിയ പൂജ രാവിലെ പൂക്കള്‍ അര്‍പ്പിച്ചും വൈകുന്നേരം പൂക്കള്‍ക്ക് വെള്ളംകൊടുത്തും തുടര്‍ന്നു വന്നു. മുന്‍കാലങ്ങളില്‍ കാമപൂജ ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി പൂരം വളയും മറ്റും വേണമെന്നുണ്ടായിരുന്നു. ഇന്ന് സ്ഥിതി അല്‍പം മാറി. പൂരതലേന്നായ ഇന്നലെ വൈകീട്ടോടെ കാമരൂപം തീര്‍ത്ത് ആഹ്ലാദിച്ച കന്യകമാര്‍ ഇന്ന് ഭക്തിയാധരപൂര്‍വ്വം പൂരച്ചോറുണ്ടാക്കി കാമന് നിവേദിക്കും. പഴവും ശര്‍ക്കരയും ഉണക്കലരിയും ഉപയോഗിച്ചുകൊണ്ടുള്ള മധുര ചോറും ഉണക്കലരി തേങ്ങയും ഉപ്പും ചേര്‍ത്തുള്ള വെള്ളച്ചോറുമടങ്ങുന്ന രണ്ട് വിഭവങ്ങളാണ് കാമന് സമര്‍പ്പിക്കുന്നത്. വൈകുന്നേരം അന്തിവിളക്ക് കൊളുത്തിയ ഉടനെ കാമരൂപം തീര്‍ത്ത പൂക്കല്‍ അത്രയും വാരി എടുത്ത് കുരവ ശബ്ദങ്ങളുടെ അകമ്പടിയോടെ പാലുള്ള മരച്ചുവട്ടില്‍ നിക്ഷേപിക്കും. മിക്ക ക്ഷേത്രങ്ങളിലും ഇന്നുച്ഛയോടെ പൂരംകുളിയും തുടര്‍ന്ന് എഴുന്നള്ളത്തും നടക്കും. ഗ്രാമ ദേവതാ സങ്കല്‍പമുള്ള സ്ഥലങ്ങളില്‍ സന്ധ്യയോടെ പൂരം കുളി ആറാട്ടിന് അരങ്ങ് ഉണരും. പിലിക്കോട് രയരമംഗലം ക്ഷേത്രത്തിലെ എച്ചികുളങ്ങര ആറാട്ട് ഇന്നും ചെറുവത്തൂര്‍ ക്ഷേത്രത്തിലെ വയലില്‍ ആറാട്ട് നാളെയും നടക്കും. പൂരോല്‍സവങ്ങളോടനുബന്ധിച്ച് വിവിധ ക്ഷേത്രങ്ങളില്‍ ഒരാഴ്ചകാലത്തോളം നീണ്ടുനിന്ന ആധ്യാത്മി സാംസ്‌കാരിക ചടങ്ങുകളും നടന്നു. ഇന്ന് രാവിലെ മുതല്‍ വിവിധ ക്ഷേത്രങ്ങളില്‍ പൂരംകുളി, പൂരമാല, ആണ്ടുപള്ളം, എഴുന്നള്ളത്ത് തുടങ്ങിയ ചടങ്ങുകള്‍ നടക്കും.
FLASHNEWS