ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് ഡെമോക്രാറ്റിക് അംഗങ്ങളുമായി കൊമ്പുകോര്‍ത്ത് പെന്റഗണ്‍ മേധാവി


ഇറാന്‍ യുദ്ധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും ഡെമോക്രാറ്റിക് പാര്‍ട്ടി അംഗങ്ങളും തമ്മില്‍ വാക്‌പോര്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനുമായി യുദ്ധം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി കോണ്‍ഗ്രസിനെ അഭിമുഖീകരിക്കവെയാണ് ഹെഗ്സെത്ത് പ്രതിപക്ഷ അംഗങ്ങളുമായി കടുത്ത തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.


ബുധനാഴ്ച ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായ ഹെഗ്സെത്ത്, യുദ്ധത്തില്‍ അമേരിക്ക നേരിടുന്ന പ്രധാന വെല്ലുവിളി ഡെമോക്രാറ്റുകളുടെ ‘പരാജയ മനോഭാവമുള്ള വാക്കുകളാണെന്ന്’ കുറ്റപ്പെടുത്തിക്കൊണ്ടാണ് സംസാരിച്ചു തുടങ്ങിയത്.യുദ്ധത്തിന്റെ ഗതിയെക്കുറിച്ചും ലക്ഷ്യങ്ങളെക്കുറിച്ചും വ്യക്തമായ മറുപടി വേണമെന്ന് കമ്മിറ്റിയിലെ മുതിര്‍ന്ന ഡെമോക്രാറ്റിക് അംഗം ആദം സ്മിത്ത് ആവശ്യപ്പെട്ടു. യുദ്ധം പശ്ചിമേഷ്യയില്‍ വലിയ ആഘാതമുണ്ടാക്കിയതായും സൈനികര്‍ക്കും സാധാരണക്കാര്‍ക്കും വലിയ വില നല്‍കേണ്ടി വരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


യുദ്ധം ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായും ഇതൊരു തന്ത്രപരമായ മണ്ടത്തരമാണെന്നും പ്രതിനിധി ജോണ്‍ ഗരാമെന്‍ഡി കുറ്റപ്പെടുത്തി. ഇറാന്‍ യുദ്ധത്തിനായി വന്‍തോതില്‍ വെടിക്കോപ്പുകള്‍ ചെലവാക്കുന്നത് ചൈനയില്‍ നിന്നുള്ള ഭീഷണിയെ പ്രതിരോധിക്കാനുള്ള അമേരിക്കയുടെ ശേഷിയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.മാര്‍ച്ച്‌ 1-ന് കുവൈറ്റില്‍ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ആറ് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പെന്റഗണിന് വീഴ്ച പറ്റിയതായി പാട്രിക് റയന്‍ ആരോപിച്ചു. സൈനികരെ സംരക്ഷിക്കാന്‍ ആവശ്യമായ ഡ്രോണ്‍ വിരുദ്ധ സംവിധാനങ്ങള്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതുവരെ യുദ്ധത്തിനായി ഏകദേശം 25 ബില്യണ്‍ ഡോളര്‍ (ഏകദേശം 2 ലക്ഷം കോടി രൂപ) ചെലവായതായി ഹെഗ്സെത്ത് സമ്മതിച്ചു.വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിച്ച ഹെഗ്സെത്ത്, നിങ്ങള്‍ ആര്‍ക്ക് വേണ്ടിയാണ് വാദിക്കുന്നതെന്ന് ഗരാമെന്‍ഡിയോടും മറ്റും ചോദിച്ചു. യുദ്ധത്തെ തടസ്സമായി കാണുന്നത് ശത്രുക്കള്‍ക്ക് പ്രചാരണം നല്‍കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇറാന്‍ ഒരു ആണവായുധം നിര്‍മ്മിക്കുന്നത് തടയാന്‍ എന്ത് വില നല്‍കാനും അമേരിക്ക തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.



Sharing is Caring