അമേരിക്കൻ-ഇസ്രായേല്‍ സൈന്യത്തിനെതിരെ പുത്തൻ ആയുധവുമായി ഇറാൻ


അമേരിക്കൻ-ഇസ്രായേല്‍ സൈന്യത്തിനെതിരെ ഇതുവരെ കാണാത്ത ആയുധം പ്രയോഗിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ.ഹോർമുസ് കടലിടുക്കിലെ നാവിക ഉപരോധം നീക്കണമെന്ന ഇറാന്റെ ഒത്തുതീർപ്പ് നിർദ്ദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തള്ളിയതിന് പിന്നാലെയാണ് ഭീഷണി.


പുതിയ ആയുധം ശത്രുക്കള്‍ക്ക് ഹൃദയാഘാതം ഉണ്ടാക്കുമെന്നും അത്രമേല്‍ മാരകമായിരിക്കുമതെന്നും ഇറാൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറല്‍ ഷഹ്‌റാം ഇറാനി മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ആ ആയുധം എന്താണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.അതേസമയം, അമേരിക്കൻ വിമാനവാഹിനിക്കപ്പലായ എബ്രഹാം ലിങ്കണിന് നേരെ ഇറാൻ ഏഴ് തവണ മിസൈല്‍ ആക്രമണം നടത്തിയതായി ഇറാൻ നാവികസേനാ തലവൻ വെളിപ്പെടുത്തി. ആക്രമണത്തെത്തുടർന്ന് കപ്പലില്‍ നിന്നുള്ള വിമാനങ്ങളുടെ പ്രവർത്തനം തടസപ്പെട്ടതായും അദ്ദേഹം അവകാശപ്പെട്ടു.


സാമ്പത്തികമായി ഒറ്റപ്പെടുത്തി ഇറാനെ വരുതിയിലാക്കാം എന്ന ട്രംപിന്റെ കണക്കുകൂട്ടല്‍ വെറും തമാശയാണെന്നും അദ്ദേഹം പരിഹസിച്ചു.ഇറാനിയൻ കപ്പലുകള്‍ പിടിച്ചെടുക്കുന്ന അമേരിക്കൻ നടപടി സൊമാലിയൻ കടല്‍ക്കൊള്ളക്കാരേക്കാള്‍ മോശമാണെന്ന് ഇറാൻ കുറ്റപ്പെടുത്തി. കപ്പലിലെ ജീവനക്കാരെയും കുടുംബങ്ങളെയും അമേരിക്ക തടവിലാക്കിയിരിക്കുകയാണ്.

ഇത് വെറും കടല്‍ക്കൊള്ളയല്ല, മറിച്ച്‌ മനുഷ്യത്വരഹിതമായ നടപടിയാണെന്നുമാണ് ഇറാന്റെ ആരോപണം.കഴിഞ്ഞ ദിവസമാണ് ആണവ പദ്ധതികളെക്കുറിച്ചുള്ള ചർച്ചകള്‍ തല്‍ക്കാലം മാറ്റിവെച്ച്‌ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കാമെന്നതുള്‍പ്പെടെ മൂന്ന് നിർദ്ദേശങ്ങള്‍ ഇറാൻ മുന്നോട്ടുവച്ചത്. എന്നാല്‍, ഉപരോധം ബോംബിംഗിനേക്കാള്‍ ഫലപ്രദമാണ് എന്ന് വ്യക്തമാക്കിയ ട്രംപ് ഈ നിർദ്ദേശം തള്ളുകയായിരുന്നു.



Sharing is Caring