കോഴിക്കോട്: അടച്ചുപൂട്ടല്‍ ഭീഷണി നേരിട്ടിരുന്ന കോഴിക്കോട് മലാപ്പറമ്പ് എ യു പി സ്‌കൂള്‍ ഇടിച്ചു നിരത്തി. വ്യാഴാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ബൂത്തായിരുന്ന സ്‌കൂള്‍ വോട്ടെടുപ്പ് അന്ന് രാത്രിയാണ് ജെ സി ബി ഉപയോഗിച്ച് തകര്‍ത്തത്. ഇന്നലെ നേരം വെളുത്തപ്പോഴാണ് സ്‌കൂള്‍ പൊളിച്ച വിവരം നാട്ടുകാര്‍ അറിയുന്നത്.
വൈകീട്ട് ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗം സ്‌കൂള്‍ നിലനിര്‍ത്താനും സ്‌കൂളിന്റെ പുനര്‍നിര്‍മാണം ഇന്ന് ആരംഭിക്കാനും തീരുമാനിച്ചു. അന്യായമായി സ്‌കൂള്‍ ഇടിച്ചുപൊളിക്കാന്‍ അനുവാദം നല്‍കിയ മാനേജരെ സസ്‌പെന്റ് ചെയ്യാനും യോഗത്തില്‍ തീരുമാനമായി. മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായാണ് സ്‌കൂള്‍ പൊളിച്ചു നീക്കിയതെന്ന് ആരോപിച്ച് നാട്ടുകാര്‍ മണിക്കൂറുകളോളം കോഴിക്കോട്- വയനാട് ദേശീയ പാത ഉപരോധിച്ചു.
സ്‌കൂള്‍ നടത്തിക്കൊണ്ടുപോകുന്നത് ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി സ്‌കൂള്‍ അടച്ചുപൂട്ടാന്‍ മാനേജ്‌മെന്റ് ആഗ്രഹിച്ചിരുന്നു. ഫഌറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്‌കൂള്‍ മാനേജര്‍ക്ക് സ്‌കൂള്‍ വില്‍ക്കണമെന്ന ഉദ്ദേശവുമുണ്ടായിരുന്നു. തുടര്‍ന്ന് രണ്ടു വര്‍ഷം മുമ്പാണ് 53 കുട്ടികള്‍ പഠിക്കുന്ന സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി മാനേജ്‌മെന്റ് സര്‍ക്കാറിനെ സമീപിച്ചത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തതോടെ പ്രദേശത്ത് പ്രതിഷേധം ശക്തമായി. നാട്ടുകാര്‍ ഒന്നടങ്കം ഈ തീരുമാനത്തിനെതിരെ രംഗത്തുവന്നു. ഇക്കാര്യം പുനപരിശോധിക്കണമെന്ന് എ പ്രദീപ് കുമാര്‍ എം എല്‍ എ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറി. സ്‌കൂള്‍ അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നല്‍കിയ വിദ്യാഭ്യാസ മന്ത്രി സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ സ്‌കൂള്‍ നിലനില്‍ക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും രാത്രിയില്‍ ആരുമറിയാതെ പൊളിക്കുകയായിരുന്നു. മന്ത്രിയുടെ ഉറപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം ഉണ്ടായിട്ടുള്ളത്. സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ ഉള്‍പ്പെടെ നടന്നുവരുന്നതിനിടെയാണ് നാട്ടുകാരെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായിട്ടുള്ളത്.
സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ടും സ്‌കൂള്‍ പൊളിച്ച് നീക്കിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടുമാണ് നാട്ടുകാര്‍ റോഡ് ഉപരോധിച്ചത്. സ്‌കൂള്‍ മാനേജര്‍ ഗിരിനഗര്‍ കോളനിയിലെ പത്മരാജനെ അറസ്റ്റു ചെയ്യുക, ഭൂമാഫിയക്കെതിരെ നടപടിയെടുക്കുക, സ്‌കൂള്‍ പുനര്‍നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടന്ന ഉപരോധത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പ്രദേശവാസികളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വ്യാപരികളുമെല്ലാം പങ്കാളികളായി. നാട്ടുകാര്‍ക്ക് പിന്തുണയുമായി വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുകയും ചെയ്തു. എ പ്രദീപ് കുമാര്‍ എം എല്‍ എ, മേയര്‍ എ കെ പ്രേമജം എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ജില്ലാ കലക്ടര്‍ സി എ ലത, സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജ് ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി നാട്ടുകാരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്ന് ഉച്ചയ്ക്ക് 12.15 ഓടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. ഇക്കാര്യത്തില്‍ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടറും സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പോളിങ് ബുത്തായി പ്രവര്‍ത്തിച്ച സ്‌കൂളാണ് ജെ സി ബി ഉപയോഗിച്ച് തകര്‍ത്തത്. ലോക്‌സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തെരഞ്ഞെടുപ്പ് ബൂത്തായി പ്രവര്‍ത്തിച്ച സ്‌കുളിനാണ് ഇത്തരം ആക്രമണം ഉണ്ടായത്. രാത്രി ഏഴരയോടെ വോട്ടിംഗ് പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥരും നാട്ടുകാരും പിരിഞ്ഞതോടെയാണ് സ്‌കൂള്‍ പൊളിച്ചു നീക്കിയത്. സ്‌കൂളിനോട് ചേര്‍ന്ന മണ്ണത്തുംകണ്ടി പറമ്പിന്റെ ഗേറ്റ് കടന്നുവന്ന ജെ സി ബി സ്‌കൂളിന്റെ സംരക്ഷണ ഭിത്തി തകര്‍ത്താണ് സ്‌കൂള്‍ മുറ്റത്തേക്ക് പ്രവേശിച്ചത്. തെരഞ്ഞെടുപ്പ് പോളിംഗ് സ്റ്റേഷനായി പ്രവര്‍ത്തിച്ച സ്‌കൂള്‍ മെയ് 16 വരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തിലാണ്. ഇതിനിടയില്‍ സ്‌കൂള്‍ പൊളിച്ച മാനേജറെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പ്രകാരം അറസ്റ്റു ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
