കോഴിക്കോട്: വിഷുവെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രതീക്ഷയോടെ പടക്ക വിപണി. കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങള്‍ക്ക് പകരം വര്‍ണവിസ്മയം തീര്‍ക്കുന്ന പടക്കയിനങ്ങളാണ് ഇത്തവണ വിഷു കൊഴുപ്പിക്കാനെത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലേതുപോലെ തന്നെ വര്‍ണ്ണ മനോഹരങ്ങളായ ചൈനീസ് മോഡല്‍ ഇനങ്ങള്‍ വിപണിയില്‍ എത്തിക്കഴിഞ്ഞു. ആകാശത്ത് വര്‍ണങ്ങള്‍ വരക്കുന്ന ഷോട്ടുകളാണ് ഇത്തവണ വിപണിയിലെ പ്രധാന താരം. തിരഞ്ഞെടുപ്പ് കാരണം മാന്ദ്യത്തിലായിരുന്ന പടക്ക വിപണിയില്‍ അടുത്ത ദിനം മുതല്‍ ഉണര്‍വ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. വിലയില്‍ ഇത്തവണ കാര്യമായ വര്‍ദ്ധനയില്ല. വന്‍തുകയ്ക്ക് പടക്കം വാങ്ങുന്നവരുണ്ടെങ്കിലും 500 രൂപയില്‍ താഴെയാണ് ഭൂരിപക്ഷം പേരും പടക്കത്തിനായി ചെലവിടുന്നതെന്ന് വ്യാപാരികള്‍ പറയുന്നു. കുട്ടികളെ ആകര്‍ഷിക്കാനായി 10 രൂപ മുതലുള്ള കമ്പിത്തിരികളും കളര്‍ പൂക്കുറ്റികളും നിലച്ചക്രങ്ങളും ലഭ്യമാണ്. ആകാശത്ത് വര്‍ണ്ണങ്ങള്‍ പെയ്യിക്കുന്ന റെയ്‌നി ഷൈനി, കിന്‍ഡര്‍ ജോയ്, ഹിറ്റാച്ചി തുടങ്ങിയവ ഇത്തവണത്തെ വ്യത്യസ്ത ഇനങ്ങളാണ്. 80 മുതല്‍ മുകളിലോട്ടാണ് ഇവയുടെ വില എണ്ണിയാലൊടുങ്ങാത്ത ചൈനീസ് പടക്കങ്ങളും മിതമായ വിലയ്ക്ക് ലഭ്യമാണ്.
