ജലനിരപ്പ് 140 അടിയായി; മുല്ലപ്പെരിയാറിൽ ജാഗ്രതാ നിർദേശം

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയായി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ഇടവിട്ട് മഴ പെയ്യുന്നതിനാൽ നീരൊഴുക്ക് ശക്തമായി. സെക്കൻഡിൽ ഡാമിലേക്ക് ഒഴുകിയെത്തുന്നത് 4,056 ഘനയടി വെള്ളമാണ്.

ജലനിരപ്പ് വീണ്ടും ഉയർന്നതിനാൽ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാർ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് നിർദേശം.

ഇടുക്കി ഡാം ഇന്ന് തുറക്കാൻ സാധ്യതയുണ്ട്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതോടെ ജലനിരപ്പ് 2398.74 അടിയായി. വൃഷ്ടിപ്രദേശങ്ങളിൽ മഴ ശക്തമാണ്. റെഡ് അലേർട്ട് പരിധിയായ 2399.03 അടിയിൽ എത്തിയാൽ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് നൽകിയ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇടുക്കി ഡാം ഇന്നലെ തുറന്നേക്കുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് തുറക്കേണ്ടതില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം നിലവിലില്ലെന്നും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം കൊണ്ട് പോകാൻ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. സാഹചര്യം നിരീക്ഷിച്ച ശേഷം തുടർ നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി .

Spread the love

Leave a Reply

Your email address will not be published. Required fields are marked *