കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം; മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ

പാലക്കാട്: കൽപ്പാത്തി രഥോത്സവത്തിന് ഇന്ന് തുടക്കം. ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവ് പ്രകാരമുള്ള നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും സഹകരിക്കണമെന്നും ജില്ലാ കലക്ടർ മൃൺമയി ജോഷി അറിയിച്ചു. രഥോത്സവത്തിൽ പുറത്ത് നിന്ന് 200ൽ കൂടുതൽ പേരെ പങ്കെടുപ്പിക്കരുതെന്ന നിയന്ത്രണം കൃത്യമായി പാലിക്കണം. കൂടാതെ ഉത്സവത്തിൽ പങ്കെടുക്കുന്നവർ മാസ്‌ക്, സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊറോണ മാനദണ്ഡങ്ങൾ പാലിക്കണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു. അഗ്രഹാരത്തിൽ ഉള്ളവർ തിരക്കിനിടയാക്കാതെ വീട്ടിലിരുന്ന് തന്നെ ഉത്സവം കാണണമെന്ന് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.

ഉത്സവത്തിന്റെ പ്രധാന ചടങ്ങായ രഥപ്രയാണത്തിനുൾപ്പെടെ ജില്ലാ ഭരണ കൂടം അനുമതി നിഷേധിച്ചിരുന്നു. എന്നാൽ പാലക്കാട് നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ പ്രതിനിധി സംഘം തിരുവനന്തപുരത്ത് എത്തി സർക്കാരിൽ നിന്ന് ഉത്സവനടത്തിപ്പിനായി പ്രത്യേക അനുമതി വാങ്ങിയെടുക്കുകയായിരുന്നു. പിന്നീട് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക അനുമതിയോതെ കർശന മാനദണ്ഡങ്ങൾ പാലിച്ച് ഉത്സവാഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

രഥോത്സവം നടക്കുന്ന ഇന്ന് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ രാവിലെ 11 മണിമുതൽ ചടങ്ങുകൾ അവസാനിക്കുന്നത് വരെ ഗ്രാമവാസികൾക്കും, പോലീസിനും, മാദ്ധ്യമ പ്രവർത്തകർക്കും, മറ്റ് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും പ്രവേശനാനുമതി നൽകുക. ചാത്തപ്പുരം, മിനി ചാത്തപ്പുരം. ശേഖരീപുരം ജങ്ഷൻ, ഗോവിന്ദരാജപുരം ജങ്ഷൻ തുടങ്ങി ഗ്രാമത്തിലേയ്‌ക്കുള്ള പ്രധാന റോഡുകൾ അടയ്‌ക്കും.

എല്ലാ വർഷവും തേര് നീക്കാൻ ആനയുടെയും യന്ത്രങ്ങളുടെയും സഹായം തേടിയിരുന്നു. ആയിരക്കണക്കിന് ഭക്തരാണ് പ്രതിവർഷം തേരോട്ടത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ഈ വർഷം ക്ഷേത്രഭാരവാഹികൾ പ്രത്യേകം നിയോഗിച്ച പ്രതിനിധികളായിരിക്കും തേര് വലിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *