പക്ഷാഘാതത്താല്‍ തളര്‍ന്നു കിടപ്പിലായ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമായി മന്ത്രി വിഎന്‍ വാസവന്‍.

തിരുവനന്തപുരത്ത് പക്ഷാഘാതത്താല്‍ തളര്‍ന്നു കിടപ്പിലായ മത്സ്യത്തൊഴിലാളിയുടെ വീടിന്റെ ജപ്തി തടഞ്ഞ് മന്ത്രി വിഎന്‍ വാസവന്‍. കഠിനംകുളം ശാന്തിപുരത്തെ തോമസ് പനിയടിമയ്ക്കായിരുന്നു ജപ്തി നോട്ടീസ് ലഭിച്ചത്. ഇതാണ് മന്ത്രി ഇടപെട്ട് തടഞ്ഞത്. വീട്ടില്‍ നിന്ന് ഇറക്കി വിട്ടുള്ള ജപ്തി പാടില്ലെന്ന് ബാങ്കിന് നിര്‍ദ്ദേശം നല്‍കിയതായി വിഎന്‍ വാസവന്‍ അറിയിച്ചു.

അടുത്ത മാസം പതിനൊന്നിന് വീടും മൂന്നര സെന്റ് സ്ഥലവും ലേലം ചെയ്യുമെന്നറിയിച്ച് കാര്‍ഷിക ഗ്രാമവികസന ബാങ്കാണ് തോമസിന് നോട്ടീസ് അയച്ചത്. വീട് വെക്കാന്‍ വേണ്ടി ഇയാള്‍ പണം കടം വാങ്ങിയിരുന്നു. അത് വീട്ടുന്നതിന് വേണ്ടി കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ കഴക്കൂട്ടം ശാഖയില്‍ മൂന്നര സെന്റ് പണയം വച്ച് രണ്ടരലക്ഷം രൂപ വായ്പയെടുത്തു. ഈ വായ്പ മുഴുവനായും തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്നായിരുന്നു കുടുംബം ജപ്തി പ്രതിസന്ധിയുടെ വക്കിലെത്തിയത്.

ഒന്നര ലക്ഷത്തിലേറെ തുക തോമസ് തിരിച്ചടച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആയതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ജൂലൈയില്‍ പക്ഷാഘാതത്തെ തുടര്‍ന്ന് കിടപ്പിലാകുകയും ചെയ്തു. രണ്ടുപെണ്‍മക്കളും ഒരാണ്‍കുട്ടിയുമായാണ് ഇവര്‍ക്കുള്ളത്.

തോമസിന്റെ ഭാര്യ ആരോഗ്യ മേരി മീന്‍ കച്ചവടം നടത്തിയാണ് ഭര്‍ത്താവിനെ ചികിത്സിക്കാനും മക്കളെ പഠിപ്പിക്കാനും പണം കണ്ടെത്തുന്നത്. ഇതിനിടെ ബാങ്കിന്റെ ജപ്തി നോട്ടീസ് ലഭിച്ചിത് വലിയ തിരിച്ചടിയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *