വാക്‌സിൻ കിട്ടാനില്ല, സ്വയരക്ഷയ്ക്ക് അയല്‍രാജ്യത്തേക്ക് പറന്ന് ഇറാനിയന്‍ ജനത

ഇറാനില്‍ കൊവിഡ് വാക്‌സിനുകള്‍ അപ്രാപ്യമായിരിക്കെ അയല്‍രാജ്യമായ അര്‍മേനിയയിലേക്ക് പറന്ന് രാജ്യത്തെ ജനങ്ങള്‍. രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്ക് സൗജന്യ വാക്‌സിന്‍ അര്‍മേനിയന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതോടെയാണ് ഇറാനിയന്‍ പൗരര്‍ അര്‍മേനിയയിലേക്ക് പോവുന്നത്. നിലവില്‍ രാജ്യത്തെ സന്ദര്‍ശകരില്‍ ഭൂരിഭാഗവും നിലവിന്‍ ഇറാനിയന്‍ ജനങ്ങളാണ്.

ജനങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ ഉറപ്പാക്കുന്നതില്‍ ഇറാനിയന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവമാണ് ഇതിന് പ്രധാന കാരണമെന്നാണ് ആരോപണം. അന്താരാഷ്ട്ര തലത്തില്‍ ഉപയോഗിക്കുന്ന ഫൈസര്‍, മോഡേണ, ആസ്ട്ര സെനക തുടങ്ങിയ വാക്‌സിനുകള്‍ ഒന്നും രാജ്യത്ത് ലഭ്യമല്ല. പാശ്ചാത്യ രാജ്യങ്ങളുടെ ഈ വാക്‌സിനുകള്‍ രാജ്യത്ത് വിശ്വാസ്യ യോഗ്യമല്ലെന്നാണ് ഇറാനിയന്‍ പരമോന്നത നേതാവ് അയത്തുല്ല അലി ഖംനേഇയുടെ നിലപാട്.

പകരം ക്യൂബ, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ നിര്‍മ്മിച്ച വാക്‌സിനുകളാണ് ഇറാന്‍ തെരഞ്ഞെടുത്തത്. അടുത്തിടെ സ്വന്തമായി മൂന്ന് വാക്‌സിനും ഇറാന്‍ വികസിപ്പിച്ചു. എന്നാല്‍ ഈ വാക്‌സിനുകളൊന്നും എല്ലാവരിലേക്കും എത്തുന്നില്ല. ഇറക്കുമതി ചെയ്ത് ഡോസുകളുടെ എണ്ണം കുറവാണ്. 60 വയസ്സില്‍ താഴെയുള്ളവര്‍ക്കും ആരോഗ്യ പ്രവര്‍ത്തകരല്ലാത്തവര്‍ക്കും വാക്‌സിനേഷന്‍ നടക്കുന്നില്ല. 8.40 കോടി ജനസംഖ്യയില്‍ 2 ശതമാനം മാത്രമാണ് ഇതുവരെയും രണ്ട് ഡോസ് കൊവിഡ് വാക്‌സിനും സ്വീകരിച്ചത്. അമേരിക്കയുടെ വിലക്കും രാജ്യത്തെ കാര്യമായി ബാധിക്കുന്നു.

സെപ്റ്റംബര്‍ മുതല്‍ മാസ് വാക്‌സിനേഷന്‍ ക്യാമ്പയിനുകള്‍ നടത്തുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ രാജ്യത്ത് ഡെല്‍റ്റ വകഭേദം വ്യാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ സെപ്റ്റംബര്‍ വരെ കാത്തിരിക്കുന്നത് അപകടകരമാണെന്ന് ഇറാനിയന്‍ ജനത കരുതുന്നു. അതിനാലാണ് സര്‍ക്കാരിനെ ആശ്രയിക്കാതെ സ്വയ രക്ഷയ്ക്ക് ജനങ്ങള്‍ അര്‍മേനിയയില്‍ പോയി കൊവിഡ് വാക്്‌സിനെടുക്കുന്നത്.

വാക്‌സിനായി അയല്‍രാജ്യത്ത് നിന്നും ജനങ്ങള്‍ എത്തിയതോടെ രാജ്യത്ത് ടൂറിസം മേഖല വീണ്ടും ഉണര്‍ന്നിരിക്കുകയാണ്. അതേസമയം ഇറാനില്‍ നിന്നും ആളുകള്‍ വലിയ രീതിയില്‍ ഇരച്ചെത്തി.തോടെ ചില നിയന്ത്രണങ്ങളും അര്‍മേനിയന്‍ സര്‍ക്കാര്‍ വെച്ചിട്ടുണ്ട്. തലസ്ഥാനമായ യെരവനിലെ തെരഞ്ഞെടുത്ത അഞ്ച് ആസ്ട്ര സെനക മൊബൈല്‍ ക്ലിനിക്കുകളില്‍ നിന്നു മാത്രമേ വാക്‌സിനേഷന്‍ എടക്കാന്‍ പറ്റുകയുള്ളൂ. വാക്‌സിനേഷന് വരുന്നവര്‍ ചുരുങ്ങിയത് 10 ദിവസം രാജ്യത്ത് തങ്ങണമെന്നും നിബന്ധനയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *