വിദ്യാർത്ഥിയെ എസ്.ഐ. മർദ്ദിച്ച സംഭവം: എസ്.ഐയ്ക്ക് എതിരെ നടപടിയില്ലാത്തതിൽ പ്രതിഷേധിച്ച് അമ്മ നിരാഹാര സമരം ആരംഭിച്ചു

കോഴിക്കോട്: സ്വന്തം മകനെ കൺമുമ്പിലിട്ട് ക്രൂരമായി മർദ്ദിച്ച എസ്.ഐക്ക് എതിരെ യാതൊരു നടപടിയും ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കാത്തതിൽ മനം നൊന്ത് നീതി തേടി അമ്മ അനശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. മർദ്ദനമേറ്റ ടി.വി. അജയന്റെ അമ്മയും തേനാം വയൽ പുരുഷോത്തമന്റെ ഭാര്യയുമായ പി.സുലോചനയാണ് നീതി ലഭിക്കുന്നതിന് വേണ്ടി നിരാഹാരമിരിക്കുന്നത്.

സംഭവം നടന്ന നടക്കാവിലെ , കിഴക്കെ നടക്കാവ് ജംഗ്ഷനിലാണ് നിരാഹാര സമരം നടത്തുന്നത്. ഇന്ന് വൈകീട് അഞ്ചിന് ആരംഭിച്ച നിരാഹാര സമരം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും പി.യു.സി. എൽ സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ. പി. എ. പൗരൻ പി.സുലോചനയെ ഹാരമണിയിച്ച് കൊണ്ട് ഉൽഘാടനം ചെയ്തു.
യോഗത്തിൽ ആക്ഷൻ കമ്മിറ്റി കൺവീനർ പി. ലോഹിതാക്ഷൻ അദ്ധ്യഷത വഹിച്ചു.
ഇടത് പക്ഷം ഭരിക്കുന്ന കേരളത്തിൽ ഇത്തരമൊരു സംഭവം നടന്നിട്ട് ഉദ്യോഗസ്ഥന് എതിരെ യാതൊരു നടപടിയും സ്വീകരിക്കാതിരിക്കുന്നത് കേരളത്തിന് മൊത്തം അപമാനമാണെന്ന് പി.എ.പൗരൻ അഭിപ്രായപ്പെട്ടു.
മുൻ മന്ത്രി അഡ്വ. എം.ടി. പത്മ, കെ.പി.വിജയകുമാർ, എൻ.വി. ബാബുരാജ്, കെ.പി.സത്യകൃഷ്ണൻ, പി.ടി.ജനാർദ്ദനൻ, എ.ജി.കണ്ണൻ, പി.കെ.ഉസ്മാൻ , അഡ്വ. ജ്യോത്സന, കെ റീജ, പി. സ്വാതി പ്രസംഗിച്ചു.
നൂറിലേറെ പേർ ഒപ്പിട്ട ഹരജി നാളെ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിക്കുമെന്ന് ആക്ഷ്ൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
സംഭവം നടന്നു പത്തൊമ്പത് ദിവസം പിന്നിട്ടിട്ടും യാതൊരു നടപടിയും കൈകൊള്ളാതിരുന്ന പോലീസ് നിരാഹാര സമരം തുടങ്ങുന്നതിന്റെ മണിക്കൂറുകൾക്ക് മുമ്പ് മർദ്ദനമേറ്റ വിദ്യാർത്ഥിയുടെ വീട്ടിൽ എത്തുകയും , നിരാഹാര സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മറ്റന്നാൾ ഈ കാര്യത്തിൽ സീറ്റിങ്ങ് വെച്ചിട്ടുണ്ട് എന്നായിരുന്നു കമ്മീഷണറുടെ ദൂതനായി വന്ന പോലീസ്കാർ പറഞ്ഞത്.
ഇതിന് മുമ്പ് ഐ.ജി. യുടെ അന്വേഷണമുണ്ടെന്ന് പറഞ്ഞ് പറ്റിക്കുകയും ആരും അറിയാതെ അന്വേഷണം ഇല്ലാതാക്കുകയുമാണ് പോലീസ് ഉദ്യോഗസ്ഥർ ഇതിന് മുമ്പ് ചെയ്തത്. അ അനുഭവം വെച്ച് പോലീസിന്റെ വാക്കിൽ വിശ്വാസതയില്ലാത്തതിനാലാണ് നിരാഹാര സമരം പ്രഖ്യാപിച്ച ദിവസം തന്നെ നടത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *