ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹുസൈന്‍ അല്‍ ഖുറാഷിയെ വധിച്ച്‌ തുര്‍ക്കി

ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹുസൈന്‍ അല്‍ ഖുറാഷിയെ വധിച്ച്‌ തുര്‍ക്കി. സിറിയയിലെ അഫ്രിന്‍ നഗരത്തില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് കൊലപ്പെടുത്തല്‍.പ്രസിഡന്‍്റ് ത്വയ്യിപ് ഉര്‍ദുഗാനാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

കഴിഞ്ഞവര്‍ഷം നവംബറില്‍ ഐഎസ് തലപ്പത്തേക്ക് ചുമതലയേറ്റ അബു ഹുസൈന്‍ അല്‍ ഖുറാഷിയെയാണ് തുര്‍ക്കി സൈന്യം കൊലപ്പെടുത്തിയത്. സിറിയയിലെ അഫ്രിന്‍ നഗരത്തിന്റെ വടക്ക് പടിഞ്ഞാറന്‍ പ്രദേശമായ ജിന്‍ഡിറസ് കേന്ദ്രീകരിച്ച്‌ പ്രാദേശിക പൊലീസ് സംഘത്തിന്‍്റെ സഹായത്തോടെ തുര്‍ക്കി ഇന്‍്റലിജന്‍സ് ഏജന്‍സി നടത്തിയ ഓപ്പറേഷനാണ് വിജയം കണ്ടത്. ഒക്ടോബറില്‍ സിറിയന്‍ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ച ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബു ഹസന്‍ അല്‍ ഹാഷിമി അല്‍ ഖുറൈഷിയുടെ ഒഴിവിലായിരുന്നു അബു ഹുസൈന്റെ പ്രവര്‍ത്തനം. ഒഴിഞ്ഞുകിടക്കുന്ന കൃഷിയിടത്തിലായിരുന്നു അബു ഹുസൈന്‍്റെ ഒളിത്താവളം എന്നാണ് സൂചന.

ഐഎസ് നേതാവ് അബു ഹുസൈന്റെ നീക്കങ്ങള്‍ ദിവസങ്ങളായി പരിശോധിച്ച്‌ വരികയായിരുന്നുവെന്നും തീവ്രവാദത്തിനെതിരായ പോരാട്ടം തുര്‍ക്കി ഇനിയും തുടരുമെന്നും വാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് തുര്‍ക്കി പ്രസിഡണ്ട് ത്വയ്യിപ് ഉര്‍ദുഗാന്‍ വ്യക്തമാക്കി. തീവ്രവാദത്തെ അമര്‍ച്ച ചെയ്യാന്‍ 2020 മുതല്‍ തുര്‍ക്കി സൈന്യം സിറിയയില്‍ തുടരുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ അമേരിക്കന്‍ സൈന്യം സിറിയ കേന്ദ്രീകരിച്ച്‌ നടത്തിയ ഓപ്പറേഷനില്‍ ഇസ്ലാമിക് സ്റ്റേറ്റ് യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങള്‍ ലക്ഷ്യമാക്കി ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തതായി കണ്ടെത്തിയിരുന്നു. അമേരിക്കയുടെ ഹെലികോപ്റ്റര്‍ ആക്രമണത്തില്‍ രണ്ട് ഐഎസ് നേതാക്കള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ഐഎസ് ഏപ്രില്‍ 16ന് സിറിയയില്‍ നടത്തിയ ആക്രമണത്തില്‍ 25 സിവിലിയന്മാരടക്കം 41 പേരാണ് കൊല്ലപ്പെട്ടത്.അന്താരാഷ്ട്ര ഏജന്‍സികളുടെ കണക്കുകള്‍ പ്രകാരം തുര്‍ക്കിക്കു നേരെ ഐ എസ് നടത്തിയ ആക്രമണങ്ങളില്‍ 300 പേരോളം കൊല്ലപ്പെട്ടിട്ടുണ്ട്. 2013ല്‍ ഐഎസിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് തുര്‍ക്കി. എന്നാല്‍ ഈ മാസം തുര്‍ക്കിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ഐഎസിന് നേരെയുള്ള ആക്രമണമെന്നും വ്യാഖ്യാനം നല്‍കുന്നവരുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *