
ലോക ഫുട്ബോളിലെ പുതിയ തലമുറയെ കണ്ടെത്താനുള്ള അണ്ടര്‍ 20 ലോകകപ്പിന് ഇന്ന് അര്‍ജന്റീനയില്‍ തുടക്കം.ആറു ഗ്രൂപ്പിലായി 24 ടീമുകള്‍ നാല് വേദിയില്‍ ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം രാത്രി 11.30നും പുലര്‍ച്ചെ 2.30നുമാണ് കളികള്‍. ഇന്ന് രാത്രി 11.30ന് ഗ്വാട്ടിമാല ന്യൂസിലന്‍ഡിനെയും അമേരിക്ക ഇക്വഡോറിനെയും നേരിടും.
നാളെ പുലര്‍ച്ചെ 2.30ന് ആതിഥേയരായ അര്‍ജന്റീന ഉസ്ബെകിസ്ഥാനെതിരെ ആദ്യകളിക്കിറങ്ങും. തിങ്കള്‍ പുലര്‍ച്ചെ ബ്രസീല്‍–-ഇറ്റലി പോരാട്ടമുണ്ട്. ജൂണ്‍ 12ന് ഫൈനല്‍.അര്‍ജന്റീന ആറുതവണ ജേതാക്കളായി. ബ്രസീല്‍ അഞ്ചുതവണ. നിലവിലെ ജേതാക്കളായ ഉക്രെയ്നും റണ്ണറപ്പായ പോളണ്ടും ഇക്കുറിയില്ല. അതികായരായ സ്പെയ്ന്‍, പോര്‍ച്ചുഗല്‍, ജര്‍മനി, ബല്‍ജിയം, നെതര്‍ലന്‍ഡ്സ്, ക്രൊയേഷ്യ ടീമുകള്‍ക്കും ടിക്കറ്റില്ല. അര്‍ജന്റീന യോഗ്യത നേടിയിരുന്നില്ല.

ഇന്തോനേഷ്യയില്‍ നിശ്ചയിച്ച വേദി അവസാനനിമിഷം അജന്റീനയിലേക്ക് മാറ്റുകയായിരുന്നു. കന്നി ലോകകപ്പിനെത്തുന്ന ഇസ്രയേലിനെ രാഷ്ട്രീയകാരണങ്ങളാല്‍ സ്വീകരിക്കാന്‍ ഇന്തോനേഷ്യ തയ്യാറാകാതിരുന്നതാണ് അര്‍ജന്റീനയ്ക്ക് നറുക്കുവീഴാന്‍ കാരണം. ആതിഥേയര്‍ എന്ന ആനുകൂല്യത്തില്‍ ലോകകപ്പില്‍ കളിക്കാനായി. ബ്രസീല്‍, ഇംഗ്ലണ്ട്, സെനെഗല്‍ ടീമുകളാണ് കിരീടസാധ്യതാപട്ടികയിലുള്ളത്.
