കെ ടി ജലീലിന് എതിരെ നടപടി വേണമെന്ന് മാധ്യമം, പരാതി നല്‍കി; പരിശോധിക്കുമെന്ന് മുഖ്യമന്ത്രി

മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമം ദിനപത്രത്തിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. കോവിഡ് കാലത്ത് പ്രവാസികള്‍ നേരിട്ട ദുരവസ്ഥ തുറന്നു കാണിച്ച മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശ രാജ്യത്തെ ഭരണാധികാരിക്ക് കത്ത് അയച്ച സംഭവത്തെ തുടര്‍ന്നാണ് പരാതി നല്‍കിയത്.

മാധ്യമത്തിന്റെ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നല്‍കിയത്. ചീഫ് എഡിറ്റര്‍ ഒ. അബ്ദുറഹ്‌മാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിണറായി വിജയനെ കാണാനെത്തിയത്. മാധ്യമ സ്വാതന്ത്ര്യത്തിനും ജനാധിപത്യസംവിധാനത്തിനും രാജ്യത്തിന്റെ പരമാധികാരത്തിനും പരിക്കേല്‍പ്പിക്കുന്ന ജലീലിന്റെ പ്രവര്‍ത്തിയില്‍ മാധ്യമം ദിനപത്രത്തിനുള്ള കടുത്ത വേദനയും പ്രതിഷേധവും പ്രതിനിധികള്‍ അറിയിച്ചു.

കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പ്രവാസികളെ നാട്ടിലേക്കെത്തിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചപ്പോള്‍ മാധ്യമം ശക്തമായി പിന്തുണച്ചിരുന്നു. മടക്കയാത്ര മുടങ്ങുന്ന ഘട്ടത്തില്‍ ജനങ്ങളുടെ വേദനയും നിലവിളിയും മറയില്ലാതെ പ്രകടിപ്പിക്കാനും മടി കാണിച്ചിട്ടില്ല. കോവിഡ് ഭീഷണി രൂക്ഷമായപ്പോള്‍ സ്വദേശത്തേക്ക് മടങ്ങാനാവുമെന്ന പ്രതീക്ഷ മുടങ്ങിപ്പോയപ്പോള്‍ പ്രവാസി മലയാളികളിലുണ്ടായ ആശങ്കയും ആധിയും അവരുടെ ക്ഷേമവും സുരക്ഷയും മുന്നില്‍ കണ്ട് വേറിട്ടൊരു രീതിയില്‍ ആവിഷ്‌കരിക്കുകയായിരുന്നു 2020 ജൂണ്‍ 24ന് മാധ്യമം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

പരിപാടിയെ കുറിച്ചുള്ള വിമര്‍ശനവും ഭിന്നാഭിപ്രായങ്ങളും മനസ്സിലാക്കാന്‍ സാധിക്കും. എന്നാല്‍ ആ വാര്‍ത്ത മുന്‍നിര്‍ത്തി മന്ത്രിസഭാംഗം കെ.ടി. ജലീല്‍ ‘മാധ്യമ’ത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിദേശരാജ്യത്തെ അധികാരികള്‍ക്ക് കത്തെഴുതുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തതാണെന്ന് കത്തില്‍ ദിനപത്രത്തിന്റെ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *