നെറ്റ് കോളിങ് ആപ്പുകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രം

വാട്‌സ്‌ആപ്പ്, സൂം, സ്‌കൈപ് പോലുള്ള ആപ്ലിക്കേഷനുകള്‍ക്ക് രാജ്യത്ത് പ്രവര്‍ത്തിക്കാന്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍.വിളിക്കാനും സന്ദേശം അയക്കാനും സൗകര്യം നല്‍കുന്ന ആപ്ലിക്കേഷനുകള്‍ക്കാണ് ഇത്തരത്തില്‍ ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നത്. ഇക്കാര്യങ്ങള്‍ വ്യവസ്ഥ ചെയ്യുന്ന ടെലി കമ്യൂണിക്കേഷന്‍ ബില്ലിന്റെ കരട് ടെലികോം മന്ത്രാലയം അവതരിപ്പിച്ചു.

ടെലികമ്യൂണിക്കേഷന്‍ സേവനവും ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും ലഭ്യമാക്കാന്‍, സ്ഥാപനങ്ങള്‍ ലൈസന്‍സ് കരസ്ഥമാക്കിയിരിക്കണമെന്നാണ് കരട് ബില്ലില്‍ പറഞ്ഞിരിക്കുന്നത്. ടെലകോം, ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് ഫീസും പിഴയും ഒഴിവാക്കാനുള്ള വ്യവസ്ഥയും ഒടിടി ആപ്പുകളെ ടെലി കമ്യൂണിക്കേഷന്‍ സേവനമായും കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ടെലികോം അല്ലെങ്കില്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ ലൈസന്‍സ് തിരിച്ചേല്‍പിക്കുന്ന പക്ഷം, ഫീസ് തിരിച്ചു നല്‍കാനും വ്യവസ്ഥ മുന്നോട്ടുവെക്കുന്നുണ്ട്. ഇന്ത്യന്‍ ടെലികോം ബില്‍ 2022നെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് തേടുന്നു എന്ന കുറിപ്പോടെ കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് കരട് ബില്ലിന്റെ ലിങ്ക് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചു. കരട് ബില്ലിന്മേല്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാം. ഒക്ടോബര്‍ 20 വരെയാണ് അഭിപ്രായങ്ങള്‍ അറിയിക്കാനുള്ള അവസരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *