ടെലി ഷോപ്പിങ് കമ്പനി നാപ്‌ടോളിന്റെ പേരില്‍ തട്ടിപ്പ്: വീട്ടമ്മയുടെ മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടു

തൃശൂര്‍: ഓണ്‍ലൈന്‍, ടെലി ഷോപ്പിങ് കമ്പനിയായ നാപ്‌ടോളിന്റെ പേരില്‍ തട്ടിപ്പിനിരയായ വീട്ടമ്മയുടെ മുപ്പതിനായിരം രൂപ നഷ്ടപ്പെട്ടതായി പരാതി. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: തൃശൂരിലെ വീട്ടമ്മ രണ്ടാഴ്ചക്കു മുമ്പ് നാപ്‌ടോളില്‍നിന്നും സാധനങ്ങള്‍ വാങ്ങിയിരുന്നു. കഴിഞ്ഞ ദിവസം നാപ്‌ടോളില്‍നിന്നും ഒരു കത്ത് വീട്ടമ്മയുടെ പോസ്റ്റല്‍ വിലാസത്തില്‍ ലഭിച്ചു. കത്ത് പരിശോധിച്ചപ്പോള്‍ ഉത്സവകാല സീസണ്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് സമ്മാനം നല്‍കുന്നുണ്ടെന്നും അതിന്റെ ഭാഗമായി ഒരു സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് ഉള്ളടക്കം ചെയ്തിട്ടുണ്ടെന്നുമായിരുന്നു കത്തില്‍ പരാമര്‍ശിച്ചിരുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് ഒരു മൊബൈല്‍ഫോണ്‍ നമ്പറും നല്‍കിയിരുന്നു. കത്തില്‍ പരാമര്‍ശിച്ചതുപ്രകാരം സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് ഉരസി നോക്കിയപ്പോള്‍ അഞ്ചുലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണുകയുണ്ടായി.

തുടര്‍ന്ന് കത്തില്‍ പരാമര്‍ശിച്ച ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടു. തുടര്‍ന്ന് വീട്ടമ്മയെ വിശ്വസിപ്പിച്ച്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ആധാര്‍കാര്‍ഡ് പകര്‍പ്പ്, ഫോട്ടോ എന്നിവ അവര്‍ കരസ്ഥമാക്കി. സമ്മാനമായി ലഭിച്ച തുക എത്രയും വേഗം അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുമെന്നും, എന്നാല്‍ ഇതിലേക്ക് പ്രോസസിങ്ങ് ഫീ ഇനത്തില്‍ പതിനായിരം രൂപ ആവശ്യമാണെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വീട്ടമ്മ അവര്‍ നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പതിനായിരം രൂപ അയച്ചു നല്‍കുകയുണ്ടായി.

ഒന്നു രണ്ടു ദിവസത്തിനകം ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തുമെന്ന് അവര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ വീട്ടമ്മ കാത്തിരുന്നു. എന്നാല്‍ ടാക്‌സ് ഇനത്തില്‍ 20,000 രൂപ കൂടി അടയ്ക്കണമെന്ന് പറയുകയും, ഇപ്രകാരത്തില്‍ ടാക്‌സ് അടയ്ക്കുന്ന തുക സമ്മാന തുകയോടൊപ്പം തിരികെ നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയുമുണ്ടായി. അതുപ്രകാരം വീട്ടമ്മ 20,000 രൂപ കൂടി അയച്ചു നല്‍കുകയായിരുന്നു. നിശ്ചിത സമയം കഴിഞ്ഞും സമ്മാനം ലഭിക്കാതായതോടെ, വീട്ടമ്മ വീണ്ടും അവരെ ബന്ധപ്പെട്ടപ്പോള്‍ ഓരോരോ ആവശ്യങ്ങള്‍ പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് കബളിപ്പിക്കുകയാണെന്ന് മനസിലായത്. തുടര്‍ന്ന് ഇവര്‍ തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *