കോഴിക്കോട്ട് സംഗീത മഴ പെയ്യിച്ച്‌ ഷഹബാസ് അമനും ജാനകി ഈശ്വറും

കോഴിക്കോടിന്റെ തീരത്ത്, സംഗീതത്തിന്റെ അലയടിപ്പിച്ച്‌ ഷഹബാസ് അമന്റെ ഗസല്‍ വിരുന്ന്.
ദ സീക്രട്ട് ഓഫ് വിമന്‍ സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഷഹബാസ് അമന്‍ ആകാശമായവളേയും ഒപ്പം ഗസലുകളും പാടിയ സമയത്ത് സംഗീതാസ്വാദകരുടെ മനം കുളിര്‍ന്നു. ദ സീക്രട്ട് ഓഫ് വിമന്‍ എന്ന ചിത്രത്തില്‍ നഗരമേ തരിക നീ… എന്ന് തുടങ്ങുന്ന ഗാനം ഷഹബാസ് അമനാണ് പാടിയത്.

സിനിമയുടെ മറ്റൊരു പ്രധാന ആകര്‍ഷണം അന്താരാഷ്ട്ര തലത്തില്‍ തന്നെ ഏറെ ശ്രദ്ധേയയായ ഓസ്ട്രേലിയന്‍ മലയാളി ഗായിക ജാനകി ഈശ്വര്‍ പാടിയ ഗാനമാണ്. ജാനകി തന്നെയാണ് ഗാനത്തിന് വരികള്‍ എഴുതിയത്. ജാനകി ആദ്യമായാണ് മലയാള സിനിമയില്‍ പാടുന്നത്. ജാനകി പാടിയ ഗാനങ്ങളും സംഗീത സായാഹ്നത്തിന്റെ മാറ്റുകൂട്ടി. ക്യാപ്റ്റന്‍, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനായ ജി. പ്രജേഷ് സെന്നാണ് ദ സീക്രട്ട് ഓഫ് വിമണ്‍ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

പ്രജേഷ് സെന്‍ മൂവി ക്ലബാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആകാശമായവളേ എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ നിതീഷ് നടേരി എഴുതിയ ഗാനത്തിന്, അനില്‍ കൃഷ്ണ ഈണം പക‍ര്‍ന്നിരിക്കുന്നു. ആല്‍ബങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും ശ്രദ്ധ നേടിയ അനില്‍ കൃഷ്ണ ആദ്യമായി സംഗീത സംവിധാനം ചെയ്യുന്ന ചിത്രമാണ് ദ സീക്രട്ട് ഓഫ് വിമണ്‍. ജോഷ്വാ.വി.ജെ ആണ് പശ്ചാത്തല സംഗീതം. ചിത്രത്തിലെ ഇംഗ്ലീഷ് ഗാനം ഒരുക്കിയിരിക്കുന്നതും ജോഷ്വാ ആണ്.

കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ മുസാഫിര്‍ അഹമ്മദ്, നിര്‍മാതാവും പ്രൊജക്‌ട് ഡിസൈനറുമായ എന്‍ എം ബാദുഷ, സംവിധായകന്‍ സന്ദീപ് പാമ്ബള്ളി, സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി, സംവിധായകനും എഡിറ്ററുമായ ബിജിത് ബാല തുടങ്ങിയവര്‍ പങ്കെടുത്തു. ഇമോഷണല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ദ സീക്രട്ട് ഓഫ് വിമണില്‍ നിരഞ്ജന അനൂപ്, അജു വ‍ര്‍ഗീസ്, ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിര്‍ മണോലി, വെള്ളം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ മിഥുന്‍ വേണുഗോപാല്‍, അധീഷ് ദാമോദ‍ര്‍, തുടങ്ങിയവ‍ര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *