സന്തോഷ് ട്രോഫി സെമി ഫൈനല്‍; കേരളം ഇന്ന് ഇറങ്ങും

സന്തോഷ് ട്രോഫി സെമി ഫൈനല്‍ തേടി കേരളം ഇന്നിറങ്ങുന്നു. സെമി പോരാട്ടത്തില്‍ കര്‍ണാടകയാണ് കേരളത്തിന് എതിരാളികള്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. സന്തോഷ് ട്രോഫിക്ക് ചരിത്രത്തിലാദ്യമായാണ് മലപ്പുറം ആതിഥ്യമരുളുന്നത്. അടുത്ത ദിവസം നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ബംഗാള്‍ മണിപ്പൂരിനെ നേരിടും. മെയ് രണ്ടിനാണ് സന്തോഷ് ട്രോഫി ഫൈനല്‍ നടക്കുക. കേരളം ഫൈനലിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നത് തോല്‍വിയറിയാതെയാണ്. കേരളം സെമിയിലെത്തിയിരിക്കുന്നത് ഗ്രൂപ്പ് എയില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ്്. രണ്ട് ജയവും ഒന്ന് വീതം സമനിലയും തോല്‍വിയും വഴങ്ങിയാണ് ഗ്രൂപ്പ് ബിയില്‍ നിന്നും കര്‍ണാടകയുടെ സെമി പ്രവേശം. ഏഴ് പോയിന്റാണ് കര്‍ണാടകയ്ക്ക് ഉള്ളത്.
എല്ലാ മത്സരത്തിലേതെന്നപോലെ ഹോം ഗ്രൗണ്ടിന്റെ അഡ്വാന്റേജ് മുതലെടുക്കാനാവും സെമിയിലും കേരളം ശ്രമിക്കുക. കേരളം നാല് മത്സരത്തില്‍ നിന്നും പത്തിലധികം ഗോളുകളാണ് നേടിയത്. വഴങ്ങിയതാവട്ടെ കേവലം മൂന്ന് ഗോളും. ഈ കണക്കുകള്‍ മാത്രം മതി കേരളം എത്രത്തോളം ശക്തരാണെന്ന് മനസ്സിലാക്കാന്‍. അതേസമയം മുന്നേറ്റത്തില്‍ മികവ് പുലര്‍ത്തുമ്പോഴും ഫിനിഷിംഗിലെ പോരായ്മകളാണ് കേരളത്തെ വലയ്ക്കുന്നത്. പ്രതിരോധത്തിലും പാളിച്ചകളുണ്ട്. ക്യാപ്റ്റന്‍ ജിജോയും അര്‍ജുന്‍ ജയരാജുമടങ്ങിയ മധ്യനിര ഏത് ടീമിനെയും വെല്ലുന്നതാണ്. ഇതുവരെ അഞ്ച് ഗോളാണ് ജിജോയുടെ ബൂട്ടില്‍ നിന്നും പിറന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *