ക്രെംലിന്‍ ആക്രമണത്തിന്റെ സൂത്രധാരര്‍ അമേരിക്കയാണെന്ന് റഷ്യ

പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ വധിക്കാനായി ക്രെംലിനിലേക്ക് കഴിഞ്ഞ ദിവസമുണ്ടായ ഇരട്ട ഡ്രോണ്‍ ആക്രമണത്തിന്റെ സൂത്രധാരര്‍ അമേരിക്കയാണെന്ന് റഷ്യ.പുടിനെ വധിക്കാനായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലേക്ക് ആക്രമണം നടത്തിയത് ഉക്രയ്നാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് ബുധനാഴ്ച വെളിപ്പെടുത്തിയിരുന്നു. അമേരിക്കയുടെ നിര്‍ദേശപ്രകാരമാണ് ഉക്രയ്ന്‍ പ്രവര്‍ത്തിച്ചതെന്നും പെസ്കോവ് പറഞ്ഞു.

എന്നാല്‍, പെസ്കോവ് കള്ളം പറയുകയാണെന്നും ആക്രമണത്തില്‍ അമേരിക്കയ്ക്ക് പങ്കില്ലെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബി പ്രതികരിച്ചു. ഉക്രയ്നില്‍നിന്ന് റഷ്യ കൂട്ടിച്ചേര്‍ത്ത ക്രിമിയയിലെ എണ്ണസംഭരണശാലയിലും റഷ്യന്‍ ചരക്ക് ട്രെയിനുകളിലും അടുത്തിടെ തുടര്‍ച്ചയായി സ്ഫോടനങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ക്രെംലിനിലേക്കും ആക്രമണമുണ്ടായത്. പുടിനെ ലക്ഷ്യംവച്ച്‌ ഭീകരാക്രമണമാണ് ഉണ്ടായതെന്നും ഉത്തരവാദിത്വത്തില്‍നിന്ന് ഉക്രയ്നും അമേരിക്കയ്ക്കും ഒഴിഞ്ഞുമാറാനാകില്ലെന്നും പെസ്കോവ് പറഞ്ഞു.

പുടിന്‍ ക്രിമിനല്‍ വിചാരണ നേരിടണമെന്ന് സെലന്‍സ്കി
ഉക്രയ്ന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ യുദ്ധക്കുറ്റത്തിന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടണമെന്ന് ഉക്രയ്ന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്കി. അന്താരാഷ്ട്ര ക്രിമിനല്‍ കോടതി സന്ദര്‍ശിക്കും മുമ്ബ് ഹേഗില്‍ മറ്റൊരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുദ്ധത്തില്‍ ഉക്രയ്ന്‍ വിജയം നിശ്ചിതമാണെന്നും അതിനുശേഷം പുടിന് വിചാരണ നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *